കണ്ണൂർ : സൈനിക സേവനത്തിനുശേഷം കണ്ണൂർ ചാല സ്വദേശി എം സുരേശൻ നടന്നത് നിറങ്ങളുടെ ലോകത്തേക്കാണ്. 65 വയസുള്ള സുരേശന് സ്‌കൂളിൽ പഠിക്കുമ്പോഴാണ് ചിത്ര രചനയോട് താത്പര്യം തോന്നിയത്. 36 വർഷത്തെ തിരക്കേറിയ സൈനിക സേവനത്തിനിടയിൽ ചിത്രംവരയില്‍ സജീവമാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
2011 നവംബർ മാസത്തിൽ കണ്ണൂരിൽ എന്‍സിസി 32 കേരള ബറ്റാലിയൻ കമാന്‍ഡിങ് ഓഫിസർ ആയി വിരമിച്ച ശേഷമാണ് സുരേശൻ ചിത്രങ്ങൾ വരച്ചുതുടങ്ങിയത്. ഇന്നിപ്പോൾ വീടിനോട് ചേര്‍ന്ന് പ്രത്യേക സംവിധാനമൊരുക്കി ചിത്രങ്ങള്‍ വരച്ചുകൂട്ടി തന്‍റെ സര്‍ഗാത്മകതയെ സമ്പന്നമാക്കുകയാണ് സുരേശൻ. അക്രിലിക്കിലാണ് ചിത്രങ്ങളൊക്കെയും വരച്ചൊരുക്കിയത്.
പൂര്‍ത്തിയാക്കിയത് 500ല്‍ അധികം ചിത്രങ്ങള്‍ : കുട്ടിക്കാലത്ത് എല്ലാവർക്കും പല ആഗ്രഹങ്ങളും ഉണ്ടാകും. പക്ഷേ വിദ്യാഭ്യാസം ജോലി എന്നിവയെ തുടര്‍ന്ന് പലരും വഴിമാറി പോകുന്നു. എന്നാൽ, തനിക്ക് ഇഷ്‌ടമുള്ള ഒരു മേഖലയിൽ സജീവമാവുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രരചനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് രമേശൻ സന്തോഷത്തോടെ പറയുന്നു.
ഇതിനോടകം 500ല്‍ അധികം ചിത്രങ്ങൾ വരച്ച ഇദ്ദേഹം 32ല്‍ പരം എക്‌സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്. മുംബൈയിലെ ജഹാംഗീര്‍ ആർട്ട് ഗാലറിയിലെ പ്രദർശനം ആണ് സുരേശന് ഏറ്റവും സന്തോഷം നൽകിയത്. ബോംബെ കൂടാതെ ന്യൂയോർക്ക്, ബാങ്കോക്ക്, ദുബായ് എന്നിവിടങ്ങളിലും സുരേശൻ തന്‍റെ ചിത്രങ്ങൾ പ്രദർശനത്തിന് എത്തിച്ചിരുന്നു.
കഥകള്‍, സാഹിത്യകാരന്മാരുടെ വചനങ്ങള്‍, മനസിൽ തോന്നിയ ആശയങ്ങള്‍ തുടങ്ങിയവയെല്ലാം സുരേശന്‍റെ ക്യാൻവാസില്‍ ചിത്രങ്ങളായി. സച്ചിദാനന്ദന്‍റെ കവിതയായ നഗരത്തിലെ പ്രണയവും കൊവിഡ് കാല നഗര ജീവിതം അധികരിച്ചുള്ള ഹ്യൂമൻ സൂ എന്ന നോവലിനെ ആസ്‌പദമാക്കി രമേശൻ വരച്ച ചിത്രങ്ങളും അത്രമേൽ വശ്യമാണ്. നഗരം വലിയ കാന്തം പോലെ മനുഷ്യനെ ആകർഷിക്കും എന്ന ആശയവും അത് വികസിക്കുന്നുണ്ടെങ്കിലും പാർപ്പിടങ്ങളില്ലാതെ പാറിനടക്കുന്ന മനുഷ്യര്‍ ഈ ലോകത്തിന്‍റെ കാഴ്‌ച ആണെന്നും സുരേശൻ ചിത്രങ്ങളിലൂടെ വരച്ചുകാട്ടുന്നു.
അംഗീകാരങ്ങളേക്കാള്‍ സന്തോഷത്തിന് പ്രാധാന്യം: സോക്രട്ടീസിന്‍റെ വചനങ്ങളെ ഉദ്ധരിച്ചുള്ള ചിത്രങ്ങളും സുരേശന്‍റെ ക്യാൻവാസിൽ ഉണ്ട്. ഇത്രയേറെ ചിത്രങ്ങൾ വരച്ചുതീർത്തെങ്കിലും അതിലേറെ എക്‌സിബിഷനുകളിൽ പങ്കെടുത്തെങ്കിലും അംഗീകാരങ്ങളൊന്നും രമേശനെ തേടിയെത്തിയില്ല. അംഗീകാരങ്ങളേക്കാൾ ചിത്രങ്ങളാണ് തന്‍റെ സന്തോഷമെന്ന് സുരേശൻ പറയുന്നു.
ചിത്രങ്ങൾക്കപ്പുറം എഴുത്തുരംഗത്തും സുരേശൻ സജീവമാണ്. ഇതിനകം മൂന്ന് പുസ്‌തകങ്ങൾ ഇദ്ദേഹം രചിച്ചുകഴിഞ്ഞു. പോസ്‌റ്റര്‍ കവിതകളായി രചിച്ച അറുപത് മുറിവുകൾ എന്ന സമാഹാരം പ്രശസ്‌ത എഴുത്തുകാരൻ സച്ചിദാനന്ദനാണ് പ്രകാശനം ചെയ്‌തത്. 'കുട്ടികൾ അച്ഛനും അമ്മയും കളിക്കുമ്പോൾ', 'തിമിരകാലം' എന്നിവയാണ് മറ്റ് കൃതികൾ. 'സമയം' മാസികയിലും രമേശൻ ഒരു കൈ നോക്കി.
2007ല്‍ ലാണ് സുരേശന്‍റെ ഭാര്യ മരിച്ചത്. വിഷമതകള്‍ക്കിടയിലും മക്കൾ സുരേശന്‍റെ വരകൾക്ക് പൂർണ പിന്തുണ നൽകുന്നു. കഥകളെയും ചിത്രങ്ങളെയും വർണങ്ങളെയും കുറിച്ചറിയാൻ കേണൽ രമേശൻ ഒരുക്കിയ കാഴ്‌ചകളുടെ ലോകമാണ് ചാല തന്നട റോഡിലെ സഹ്യാദ്രി.