കണ്ണൂര്‍: സ്ഥാനം നൽകിയില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് വിലപേശി മുല്ലപ്പള്ളിയെ പുറത്താക്കി കെപിസിസി പ്രസിഡന്‍റ് ആകുമെന്ന പ്രതീക്ഷ വെച്ച് പുലർത്തുന്ന പലരും കോൺഗ്രസിലുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഇതിലൊക്കെ ഭയന്നു കഴിയുകയാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്ത് കേസിൽ ഇന്ന് പോലും വ്യക്തമായ തെളിവ് കോടതിക്ക് മുന്നിൽ ഹാജരാക്കാൻ കേന്ദ്ര ഏജൻസികൾക്ക് സാധിച്ചിട്ടില്ല. ഏത് വൃത്തികെട്ട മാർഗത്തിലൂടെയും ഇടതുപക്ഷ സർക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ തകർക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കും. കോൺഗ്രസിന്‍റേത് ആ പാരമ്പര്യമാണ്. ചാരക്കേസ് ഉണ്ടാക്കി കെ കരുണാകരന്‍റെ മന്ത്രിസഭ തകർക്കാൻ ശ്രമിച്ച നേതാവാണ് ഉമ്മൻ ചാണ്ടി. അയാളാണ് രമേശ് ചെന്നിത്തലയുമായി ഐക്യമുന്നണിയായി പ്രവർത്തിക്കുന്നത്. ഇവർ രണ്ടുപേരും ചേർന്നാണ് മുല്ലപ്പള്ളിയെ തകർക്കാൻ ശ്രമിക്കുന്നതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായി എംവി ഗോവിന്ദനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജെയിംസ് മാത്യു എംഎൽഎ, കെ സന്തോഷ്, ടിവി സന്തോഷ് കുമാർ,ബിജു കണ്ടക്കൈ, പി മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.