കണ്ണൂർ : ജില്ലയിലെ വനമേഖലയിൽ തണ്ടർബോൾട്ടും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. അയ്യൻ കുന്ന് പഞ്ചായത്തിലെ ഉരുരുപ്പും കുറ്റി വനത്തിലാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ രണ്ട് മാവോയിസ്‌റ്റുകൾക്ക് വെടിയേറ്റതായി സംശയിക്കുന്നുണ്ട്. അതേസമയം സംഭവസ്ഥലത്ത് നിന്ന് 3 തോക്കുകൾ പിടികൂടി.
കരിക്കോട്ടക്കരി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് വെടിവയ്പ്പുണ്ടായതെന്ന് പൊലീസ് അറിയിച്ചു. അതേസമയം വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു (Encounter breaks out between Kerala Police commando teams Maoists in Kannur).
എന്നാൽ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇന്ന് രാവിലെയോടെ ആണ് ഏറ്റുമുട്ടൽ നടന്നതായി സംശയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മാവോയിസ്‌റ്റ് അക്രമം ഉണ്ടായ ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ പരിശോധന നടത്തുന്നതിനിടെയാണ് തണ്ടർ ബോൾട്ട് സംഘത്തിനു നേരെ ഏറ്റുമുട്ടൽ നടന്നതെന്നാണ് വിവരം.
വനത്തിൽ പരിശോധനയ്ക്ക് പോയ വനപാലക സംഘത്തിനും വാച്ചർമാർക്കും നേരെ ആണ് മാവോയിസ്‌റ്റ് സംഘം കഴിഞ്ഞ ദിവസം വെടിയുതിർത്തത്. ഇതിനെ തുടർന്നാണ് തണ്ടർബോൾട്ട് പരിശോധന ശക്തമാക്കിയത്.
കഴിഞ്ഞ ആറ് മാസമായി ഇരിട്ടി ആറളം മേഖലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം ശക്തമാണ്. മൂന്ന് സ്ത്രീകളടങ്ങുന്ന 11 അംഗ സംഘത്തിന്‍റെ നേതൃത്വത്തിൽ സിപിഐ മാവോവാദി കമ്പനി ഏരിയ സമിതി എന്ന് എഴുതിയ പോസ്‌റ്ററുകളുമായി പലപ്പോഴും ഇവിടെ ഏത്താറുണ്ട് എന്നാണ് വിവരം.
വയനാട്ടിൽ മാവോയിസ്‌റ്റ് വെടിവയ്പ്പ്: അതേസമയം കഴിഞ്ഞയാഴ്‌ച വയനാട്ടിലെ പേരിയ വനമേഖലയിൽ തണ്ടർബോൾട്ടും മാവോയിസ്‌റ്റുകളും തമ്മിൽ വെടിവയ്പ്പ് നടന്നിരുന്നു. സംഭവത്തിൽ രണ്ട് പേരെ കസ്‌റ്റഡിയിലെടുക്കുകയും ഏറ്റുമുട്ടലിനിടെ മൂന്നു പേര്‍ രക്ഷപ്പെടുകയും ചെയ്‌തിരുന്നു.
നവംബര്‍ 7 ബുധനാഴ്‌ച പേരിയ ചപ്പാരം കോളനിയില്‍ വച്ചാണ് മാവോയിസ്‌റ്റ് സംഘവും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കര്‍ണാടക സ്വദേശിയായ ഉണ്ണിമായ, വയനാട് സ്വദേശിയായ ചന്ദ്രു എന്നിവരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
അന്ന് രക്ഷപ്പെട്ട 3 പേർക്കായുളള തെരച്ചിൽ തുടരുകയാണ്. ലതയും സുന്ദരിയുമാണ് രക്ഷപെട്ടതെന്നാണ് വിവരമെങ്കിലും രണ്ടാമത്തെയാൾ ലതയാണെന്നതിൽ പൊലീസ് സ്ഥിരീകരണമില്ല. മൂന്നാമത്തെയാൾ പുരുഷ കേഡർ ആണെന്നാണ് വിവരം.
ALSO READ:വെടിയൊച്ചയുടെ ഞെട്ടല്‍ മാറാതെ ചപ്പാരം കോളനി, ചുറ്റും തോക്കും വെടിയുണ്ടകളും നിറഞ്ഞ രാത്രിയുടെ ഓർമ
ഇയാൾ തോക്കുമായി കോളനിയിലെ വീടിനു മുന്നിൽ കാവൽ നിൽക്കുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വെടിയുതിർത്തതിനെത്തുടർന്നാണ് തിരികെ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ വെടിവയ്‌പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് എഡിജിപി എംആർ അജിത്കുമാർ വ്യക്തമാക്കിയിരുന്നു. അതേസമയം മാവോയിസ്‌റ്റുകളിൽ നിന്ന് ഒരു എകെ 47, ഒരു ഇൻസാസ് റൈഫിൾ, 2 നാടൻ തോക്കുകൾ എന്നിവ പിടിച്ചെടുത്തിരുന്നു.
വെടിവയ്‌പ്പിനിടെ വീടിനു പിന്നിലൂടെ മൂന്ന് പേർ ഓടി രക്ഷപ്പെട്ടിരുന്നു. വീട്ടിനുള്ളിൽ നിന്നു വെടിവയ്‌പ്പ് തുടർന്നതോടെ അകത്തേക്കു കയറിയ തണ്ടർബോൾട്ട് സംഘം ചന്ദ്രുവിനെയും ഉണ്ണിമായയെയും ബലപ്രയോഗത്തിലൂടെ നിരായുധരാക്കിയാണ് കീഴ്‌പ്പെടുത്തിയത്.
പ്രതികൾക്കെതിരെ യുഎപിഎ, ആയുധ നിരോധന നിയമം, വധശ്രമം തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്. കോടതി പരിസരത്തും ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുന്നിലും ചന്ദ്രുവും ഉണ്ണിമായയും സിപിഐ (മാവോയിസ്‌റ്റ്) സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിച്ചിരുന്നു.