കണ്ണൂർ: തലശ്ശേരിയിൽ അഗ്നിശമനസേന ഉദ്യോഗസ്ഥർക്ക് ഡെങ്കിപ്പനി. സേനയിലെ 38 ഉദ്യോഗസ്ഥരിൽ എട്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ, നാല് ഉദ്യോഗസ്ഥർ വീടുകളിലും മറ്റ് നാലു പേർ ആശുപത്രിയിലുമായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടു പേർ വീടുകളിലേക്ക് മടങ്ങിയതോടെ ശേഷിക്കുന്ന രണ്ടു രോഗികൾ കണ്ണൂരിലെ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തെ ജീവനക്കാരും നഗരസഭയും ഇവിടെ ശുചീകരണ പ്രവർത്തനം നടത്തിയിരുന്നു. ഫയർ സ്റ്റേഷൻ പരിസരം വൃത്തിഹീനമല്ലെങ്കിലും കൊതുകു ശല്യം രൂക്ഷമാണെന്ന് ജീവനക്കാർ പറയുന്നു. നഗരത്തിന്‍റെ ഹൃദയഭാഗത്താണ് സ്റ്റേഷൻ ഉള്ളത്. രോഗം പടരുന്നതിനാൽ ഫയർ സ്റ്റേഷന്‍റെ പ്രവർത്തനം തടസപ്പെടുമോയെന്നും ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും ഒന്നിടവിട്ട ദിവസങ്ങളിൽ നഗരസഭ ഫോഗിങ് നടത്തണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.