കണ്ണൂർ: അഴീക്കോട് പ്ലസ്‌ടു കോഴക്കേസിൽ കെഎം ഷാജി എംഎൽഎയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യും. കോഴിക്കോട് ഇഡി നോർത്ത് സോൺ ഓഫീസിൽ അടുത്ത മാസം 10ന് ആയിരിക്കും ചോദ്യം ചെയ്യൽ. കോഴ ആരോപണത്തിൽ കെ എം ഷാജി എംഎൽഎ ഉൾപ്പെടെ 30 പേർക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നോട്ടീസ് നല്‍കി.
സ്‌കൂള്‍ മാനേജ്മെന്‍റ് പ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍, സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സിപിഎം നേതാവ് കുടുവന്‍ പത്മനാഭന്‍ എന്നിവര്‍ക്കാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നോട്ടീസ് നല്‍കിയത്. കോഴ ആരോപണം ആദ്യം ഉയര്‍ത്തിയ മുസ്ലിം ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയുടെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. പ്ലസ്‌ടു അനുവദിക്കാനായി കെഎം ഷാജി എംഎൽഎ അഴീക്കോട് സ്‌കൂൾ മാനേജ്മെന്‍റിൽ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്ന് വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി തലശ്ശേരി കോടതിയിൽ സമർപ്പിച്ചിരുന്നു.