കണ്ണൂർ: തളിപ്പറമ്പ്-വെള്ളാവ് റോഡിൽ കണ്ണഞ്ചിറ മുതിലത്തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ പരാതി ഉയരുന്നു. വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തളിപ്പറമ്പ് പൊലീസും പരിയാരം പഞ്ചായത്ത് ആരോഗ്യവിഭാഗം അധികൃതരും സ്ഥലത്തെത്തി. തലോറയിൽ നിന്നും കുപ്പം പുഴയിലേക്ക് ചേരുന്ന മുതിലത്തോടിന്‍റെ ഭാഗത്താണ് മാലിന്യം തള്ളിയത്. ദുർഗന്ധം സഹിക്കാനാകാതെ വഴിയാത്രക്കാരാണ് അധികൃതരെ വിവരമറിയിച്ചത്.
അണ കെട്ടിയതിനാൽ തോട്ടിൽ മുഴുവനും വെള്ളം നിറഞ്ഞിരിക്കുകയാണ്. വെള്ളം ഒഴുകിപ്പോകാത്തതിനാൽ തന്നെ 200 മീറ്റർ ചുറ്റളവിൽ മുഴുവൻ ദുർഗന്ധം വമിക്കുകയാണ്. മാലിന്യം തള്ളിയവരെ എത്രയും വേഗം കണ്ടുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പരിയാരം പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ ആവശ്യപ്പെട്ടു. നാട്ടുകാർ തളിപ്പറമ്പ് പൊലീസിലും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി.