കൂത്ത് പറമ്പ് (കണ്ണൂർ): അതിമാരക ലഹരിമരുന്നമായി കൂത്തുപറമ്പ് സ്വദേശി എക്സൈസ് പിടിയിൽ. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ പി പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ശിവപുരം സ്വദേശി എൻ ജംഷീർ (23) പിടിയിലായത്. ഇയാളുടെ കാറും പൊലീസ് പിടിച്ചെടുത്തു. ജില്ലയിലേക്ക് ലഹരി മരുന്ന് കടത്തുന്ന പ്രധാനിയാണിയാളെന്ന് പൊലീസ് പറഞ്ഞു. അതിമാരക ലഹരിമരുന്നായ മെത്തലിൻ ഡൈയോക്സി മെത്ത് ആംഫിറ്റാമിൻ പതിനഞ്ച് ഗ്രാമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ജംഷീറിനെ കൂത്തുപറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി തുടർ നടപടികൾ വടകര നാർകോട്ടിക് കോടതിയിൽ നടക്കും. വൻകിട നഗരങ്ങളിൽ നിശാപാർട്ടികളിൽ ഉപയോഗിക്കുന്ന പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരി മരുന്ന് വളരെ ചെറിയ തോതിൽ ഉപയോഗിച്ചാൽ പന്ത്രണ്ട് മണിക്കൂർ വരെ ലഹരി നിലനിൽക്കും. രണ്ട് ഗ്രാം കൈവശം വച്ചാൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ലഹരിമരുന്നാണ് “എം ” എന്നറിയപ്പെടുന്ന എം.ഡി.എം.എ. ജംഷീർ പിടിയിലായതോടെ ജില്ലയിലേക്ക് ലഹരി കടത്തുന്ന സംഘങ്ങളെക്കുറിച്ച് എക്സൈസിന് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മദ്യ-മയക്ക് മരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സുരേഷ് അറിയിച്ചു.