കണ്ണൂര്‍: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ സങ്കര വൈദ്യത്തിനെതിരെ അലോപ്പതി ഡോക്‌ടർമാരുടെ നിരാഹാര സമരം. തളിപ്പറമ്പ്, പയ്യന്നൂർ, ചെറുകുന്ന്, പരിയാരം എന്നിവിടങ്ങളിലെ ഡോക്‌ടര്‍മാരാണ് പരിയാരം മെഡിക്കൽ കോളജിൽ ഒരു ദിവസത്തെ നിരാഹാര സമരം നടത്തുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ കീഴിൽ ആയുർവേദ ഡോക്‌ടർമാർക്ക് 58 തരം ശസ്‌ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയ നടപടിക്കെതിരെയാണ് പ്രതിഷേധം.
12 വർഷം പഠിച്ച് പ്രാക്‌ടീസ് നടത്തിയാണ് മോഡേൺ ഡോക്‌ടർമാർ ഈ ശസ്‌ത്രക്രിയകള്‍ ചെയ്യുന്നത്. എന്നാൽ ഒരു വർഷം ആയുർവ്വേദം പഠിച്ചിട്ട് ഇതേ ശസ്‌ത്രക്രിയകൾ ചെയ്‌താൽ പ്രശ്‌നങ്ങൾ ഉണ്ടാകും. കൂടാതെ മോഡേൺ മെഡിസിനെയും ആയുർവേദ മെഡിസിനെയും കൂട്ടിയോജിപ്പിച്ചുള്ള സങ്കര ചികിത്സരീതികളെയാണ് അലോപ്പതി ഡോക്‌ടര്‍മാരുടെ സംഘം എതിർക്കുന്നത്. മോഡേൺ മെഡിസിൻ രീതിയും ആയുർവേദ മെഡിസിൻ രീതിയും വ്യത്യസ്തമാണ് . അതുകൊണ്ട് രണ്ടും കൂട്ടിക്കലർത്തി ശസ്‌ത്രക്രിയകൾ നടത്തിയാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഐഎംഎ എക്‌സിക്യൂട്ടീവ് അംഗം ഡോ. ബെനവൻ പറഞ്ഞു.
പതിനാല് ദിവസങ്ങൾ കൊണ്ട് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഡോക്‌ടര്‍മാരുടെ സമരം നടക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഇതുമൂലം വരാൻ പോകുന്ന ഭവിഷത്തുകളെക്കുറിച്ച് അറിവ് നൽകുക എന്നതാണ് ഈ സമരത്തിലൂടെ ചെയ്യുന്നതെന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു.