കണ്ണൂര്‍: വികസനം ദ്രുതഗതിയിലാകുമ്പോള്‍ തണല്‍ മരങ്ങള്‍(Shade trees) നഗരങ്ങളില്‍ നിന്നും ഒഴിഞ്ഞു പോവുകയാണ്. ആധുനിക രീതിയിലുള്ള കാത്തിരിപ്പു കേന്ദ്രങ്ങള്‍ എത്ര തന്നെ പണിയിച്ചാലും തണല്‍ മരങ്ങളുടെ കീഴില്‍ കഴിയുമ്പോഴുണ്ടാകുന്ന അനുഭൂതി ഒന്നു വേറെ തന്നെയാണ്. ഡിവിഡിവി(Dividivi) എന്ന ചെറു വൃക്ഷത്തിന്‍റെ തണലിലാകുമ്പോള്‍ അതിന്‍റെ ആശ്വാസം പതിന്മടങ്ങ് വര്‍ധിക്കുന്നു.
കൊടും വേനലില്‍ ഈ മരത്തിന്‍റെ സൗന്ദര്യമോ അതില്‍ നിന്നും ലഭിക്കുന്ന ആശ്വാസമോ അധികമാരും ശ്രദ്ധിക്കാറോ ചിന്തിക്കാറോ പതിവില്ല. തലശ്ശേരി നഗരത്തില്‍ ബി ഇ എം പി ഹൈസ്‌ക്കൂളിന് മുന്നിലെ നടപ്പാതയില്‍ ഹരിതാഭ നല്‍കി വലിയ കുട പിടിച്ചപോലെ നിലകൊള്ളുന്ന നാലഞ്ച് മരങ്ങളുണ്ട്. കാഴ്‌ചയില്‍ ആകര്‍ഷണീയമായ ഈ ചെറുമരം നഗരത്തില്‍ എത്തുന്നവര്‍ക്ക് ചൂടില്‍ നിന്നും കുളിരിന്‍റെ സുഖം നല്‍കുന്നു.
നഗരത്തിലെത്തുന്നവര്‍ കോണ്‍ക്രീറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെ അവഗണിച്ച് ഈ മരത്തണലില്‍ അഭയം തേടുന്നു.
അമേരിക്കന്‍(America) സ്വദേശിയായ ഡിവിഡിവി പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇന്ത്യയിലെത്തുന്നത്. എന്നാല്‍ ഈസ്‌റ്റ് ഇന്ത്യ കമ്പനിയുടെ(East India Company) ഭരണകാലത്ത് തലശ്ശേരിയിലും ഏതോ യൂറോപ്യന്‍(European) ഈ മരം എത്തിച്ചു.
അവര്‍ നട്ട മരങ്ങള്‍ തലശ്ശേരി കോട്ടക്കു താഴെ ഇംഗ്ലീഷ് പള്ളി വളപ്പിലും തലശ്ശേരി സബ്‌കലക്‌ടറുടെ ബംഗ്ലാവ് അങ്കണത്തിലും വളര്‍ന്ന് പച്ച പിടിച്ചു. ഈ കൊച്ചു മരത്തിന്‍റെ സവിശേഷത അക്കാലത്തു തന്നെ പ്രകൃതി സ്‌നേഹികളെ ആകര്‍ഷിച്ചിരുന്നു. ഇംഗ്ലീഷുകാരായ ഉദ്യോഗസ്ഥന്‍മാര്‍ കോട്ടയുടെ പരിസരത്തെ മരത്തണലില്‍ വന്നിരിക്കുന്നത് പതിവായിരുന്നു.
തലശ്ശേരിയിലെ ഡിവിഡിവിയുടെ വളര്‍ച്ച(Dividivi In Thalassery): വലിയ ചര്‍ച്ചകള്‍ക്കു പോലും ഡിവിഡിവിയുടെ ചുവടില്‍ സാക്ഷ്യം വഹിച്ചിരുന്നു. ഉദ്യാന പ്രിയനായ തലശ്ശേരിയിലെ പി.വി മൂസ സാഹിബാണ് ബി ഇ എം പി ഹൈസ്‌ക്കൂളിന് മുന്നിലെ നടപ്പാതക്കു സമീപം ഡിവിഡിവി നട്ടു വളര്‍ത്തിയത്. കേരളത്തില്‍ അത്യപൂര്‍വമായ ഈ മരത്തിന്‍റെ തൈകള്‍ സേലത്തു നിന്ന് കൊണ്ടു വന്നാണ് മൂസാ സാഹിബ് വച്ചു പരിപാലിച്ചത്.
ഇന്ന് ഈ മരത്തണലില്‍ എത്തുന്നവര്‍ മൂസാ സാഹിബിനെ ഓര്‍ക്കുന്നവരുണ്ടോ എന്ന് സംശയം. അലങ്കാര മരമായും തണല്‍ മരമായും വച്ചു പിടിപ്പിക്കാവുന്ന ഡിവിഡിവി എന്ന ഈ കുറിയ വൃക്ഷത്തിന്‍റെ ശാസ്ത്രീയ നാമം കേസല്‍ പിനിയ കോറിയെറിയ (Caesalpinia Coriaria ) എന്നാണ്. ധാരാളം സൂര്യപ്രകാശം ഉള്ളിടത്താണ് ഡിവിഡിവി വളര്‍ത്തേണ്ടത്.
വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, മെക്‌സിക്കോ എന്നിവിടങ്ങളിലാണ് ഡിവിഡിവി സുലഭമായിട്ടുള്ളത്. മഴക്കാലത്ത് ഇളം പച്ച നിറത്തിലുളള തളിരിലകള്‍ വന്ന് മരങ്ങള്‍ നിറയും. അമേരിക്കയിലും മെക്‌സിക്കോയിലും ഒമ്പത് മീറ്റര്‍ വളരുമെങ്കിലും കേരളത്തില്‍ മൂന്ന് നാല് മീറ്റര്‍ വരെയേ വളര്‍ന്ന് കാണുന്നുള്ളൂ.
ഏത് കൊടും ചൂടിലും ഡിവിഡിവിക്കടിയില്‍ നല്ല തണുപ്പ് ലഭിക്കും എന്നതാണ് യാത്രികരെ ഇതിന്‍റെ ചുവടില്‍ എത്തിക്കുന്നത്. തലശ്ശേരിയില്‍ പലവിധ പൊതുയോഗങ്ങള്‍ നടക്കുമ്പോള്‍ ആള്‍ക്കൂട്ടം ശ്രോതാക്കളായി ഈ മരത്തിനടിയില്‍ കൂടി നില്‍ക്കും. ഈ മരത്തിലെ ഇലകള്‍ വളരെ ചെറുതായതിനാല്‍ നിലത്ത് ചവറായി മാറുന്നുമില്ല.
പൊക്കം വയ്‌ക്കാത്ത ഡിവിഡിവി (Dividivi Growth): പ്രകൃതി സ്‌നേഹികള്‍ വീട്ടങ്കണത്തില്‍ ഡിവിഡിവിയെ നട്ടു വളര്‍ത്താന്‍ തുടക്കമിട്ടിട്ടുണ്ട്. കുടയുടെ ആകൃതിയില്‍ വളരുന്നതില്‍ വന്‍ വൃക്ഷമായി മാറുന്നുമില്ല. അവരവര്‍ക്ക് യോജിച്ച മട്ടില്‍ കൊമ്പുകള്‍ കോതിയും ഉയരം കുറച്ചും ഡിവിഡിവിയെ വളര്‍ത്താം എന്ന പ്രത്യേകതയുമുണ്ട്. ഒരു ഡസനിലേറെ വിവിധങ്ങളായ ചിത്രശലഭങ്ങളും ഇടത്തരം പക്ഷികളുടേയും ആവാസ കേന്ദ്രമാണ് ഈ വൃക്ഷം.
ഈ മരത്തില്‍ നിന്നും വിത്ത് വീണ് പുതിയ തൈ വളരാറില്ല. കായ പൊളിച്ചെടുത്ത് വിത്ത് പുറത്തെടുത്ത് പാകിയാല്‍ പുതിയ തൈയുണ്ടാക്കാം. ഇലത്താളിയായും ഔഷധമായും ഡിവിഡിവിയുടെ ഇല ഉപയോഗിച്ചു വരുന്നു.
തടിയില്‍ നിന്നും ലഭിക്കുന്ന ടാനിന്‍ പെയിന്‍റ് നിര്‍മ്മാണത്തിന് ഉപയോഗിച്ച് വരുന്നു. കേരളത്തില്‍ വളര്‍ത്താവുന്ന ഇടത്തരം വൃക്ഷമായി ഡിവിഡിവി വീട്ട് മുറ്റത്ത് സ്ഥാനം പിടിക്കുകയാണ്.