കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വികസന വാഗ്‌ദാനം നടത്തുന്നവര്‍ മലയോരത്തെ ഈ കോളനിക്കാരുടെ അവസ്ഥയും കാണണം. കരാറുകാരുടെ അനാസ്ഥയിൽ വികസനം നിലച്ച് പോയ പയ്യാവൂർ പഞ്ചായത്തിലെ വാതിൽമട ഭൂദാന കോളനിക്കാരാണ് ദുരിതമനുഭവിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാര്‍ ഒരു കോടി രൂപയുടെ ഹാംലറ്റ് പദ്ധതി കോളനിയിൽ അനുവദിച്ചിരുന്നു. ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടായിരുന്നു പദ്ധതി. സംസ്ഥാനത്തെ ഭൂരിഭാഗം കോളനികളിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും വാതിൽമടക്കാർക്ക് പറയാനുള്ളത് ഇന്നും നഷ്‌ടങ്ങളുടെ കണക്കാണ്. എഫ്ഐടി എന്ന ഏജൻസിയെയായിരുന്നു പദ്ധതി ഏൽപ്പിച്ചിരുന്നത്. എന്നാൽ ഹാംലെറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യം ഭരണാനുമതി ലഭിച്ച വാതില്‍മട കോളനിയിലെ ഭൂരിഭാഗം പ്രവൃത്തികളും പാതിവഴിയിൽ നിലച്ചു. റോഡ് വികസനം, സാംസ്‌കാരിക നിലയ വികസനം, ശ്‌മശാന നിർമാണം, വീടുകളുടെയും വായനശാലകളുടെയും അറ്റകുറ്റപ്പണി, കക്കൂസ് നവീകരണം എന്നിങ്ങനെ നീളുന്നു പദ്ധതിയിലെ ലക്ഷ്യങ്ങൾ. എന്നാൽ വീടുകളുടെ അറ്റകുറ്റപ്പണി എന്ന പേരിൽ താമസിച്ചിരുന്ന വീട് കുത്തിപൊളിച്ച് പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കുഴൽ കിണർ നിര്‍മിക്കുമെന്ന വാഗ്‌ദാനവും പാഴ് വാക്കായി.
അശാസ്‌ത്രീയമായി പണി നടത്തിയതിനാലാണ് പദ്ധതി നിന്നു പോകാൻ കാരണമെന്ന ആക്ഷേപവുമുണ്ട്. വ്യാപക പ്രതിഷേധം ഉയർന്നതോടെ നാട്ടുകാർ കരാറുകാരെ തടഞ്ഞുവെച്ച സ്ഥിതി വരെയുണ്ടായി. 52 ലക്ഷം രൂപയോളം നിർമാണ ഏജൻസിയായ എഫ്ഐടിക്ക് സർക്കാർ നൽകിയിരുന്നു. പരാതി ശക്തമായതോടെ വിജിലൻസ് അന്വേഷണം ഏറ്റെടുക്കുകയും ചെയ്‌തു. എന്നാല്‍ അന്വേഷണം എവിടെയും എത്തിയില്ല. ഉദ്യോഗസ്ഥർക്കും ഭരണസമിതി പിരിച്ച് വിട്ടതോടെ അധികൃതർക്കും കോളനിക്കാരുടെ പ്രശ്‌നത്തില്‍ കൃത്യമായ പ്രതികരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.