കണ്ണൂർ : പയ്യന്നൂരില്‍ കടയ്ക്ക് മുന്നിൽ കാര്‍ പാര്‍ക്ക് ചെയ്തത് എതിര്‍ത്തതിന് എസ്.ഐ പോക്സോ കേസിൽ കുടുക്കിയെന്ന യുവാവിന്‍റെ പരാതിയിൽ വകുപ്പുതല അന്വേഷണം. സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതോടെയാണ് കണ്ണൂർ ഡി.ഐ.ജി കെ.സേതുരാമൻ, റൂറൽ എസ്.പി നവനീത് ശർമയ്ക്ക് വകുപ്പ് തല അന്വേഷണത്തിന് നിർദേശം നൽകിയത്.
ഓഗസ്റ്റ് 19നായിരുന്നു സംഭവം. പയ്യന്നൂരിലെ ബേക്കറിയിൽ കേക്ക് വാങ്ങിക്കാനെത്തിയ എസ്.ഐ തന്‍റെ കാര്‍ അടുത്തുള്ള ടയര്‍ സർവീസ് കടയുടെ മുന്നിൽ നിർത്തിയിട്ടു. ടയര്‍ ഷോപ്പിലേക്കെത്തിയ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതോടെ കാര്‍ നീക്കിയിടാൻ കടയുടെ മാനേജർ ഷമീം എസ്.ഐയോട് ആവശ്യപ്പെട്ടു. എന്നാല്‍ എസ്.ഐ വാഹനം നീക്കിയിടാന്‍ തയാറായില്ലെന്ന് പരാതിയിൽ പറയുന്നു.
ALSO READ: പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയുടെ കാലൊടിച്ചു ; രണ്ടുപേർ പിടിയിൽ
തുടര്‍ന്ന് ഷമീമും എസ്.ഐയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് കാറുമായി പോയ എസ്.ഐ അടുത്ത ദിവസം വൈകിട്ട് പൊലീസ് യൂണിഫോമിൽ ജീപ്പുമായി കടയിലെത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ് കേസെടുക്കുമെന്ന് ഷമീമിനെ വിരട്ടി. കൂടാതെ കേക്ക് വാങ്ങുന്നതിനിടെ കാറിലുണ്ടായിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്ന് ഉദ്യോഗസ്ഥന്‍റെ ഭാര്യ പൊലീസിൽ പരാതി നൽകിയതായും പറയുന്നു.
ഇതോടെ തനിക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്.ഐക്കെതിരെ ഷമീം എസ്.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. പിന്നാലെ ഷമീമിന്‍റെ സഹോദരൻ ഷിഹാബിനെ എസ്.ഐ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. വിവാദമായതോടെ പോക്സോ പരാതി വിശദമായി അന്വേഷിക്കാന്‍ കണ്ണൂര്‍ റൂറൽ എസ്.പി നവനീത് ശര്‍മ നിര്‍ദേശം നല്‍കുകയായിരുന്നു.
സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് വ്യക്തമായതോടെ എസ്.ഐയെ സ്ഥലം മാറ്റിയിട്ടുണ്ട്. പയ്യന്നൂര്‍ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ അന്വേഷണം എസ്.പിയുടെ നിര്‍ദേശപ്രകാരം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ച് റിപ്പോർട്ട് കൈമാറിയതോടെയാണ് വകുപ്പ് തല അന്വേഷണത്തിന് കണ്ണൂർ ഡി.ഐ.ജി കെ സേതുരാമൻ ഉത്തരവിട്ടത്.