കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിക്ക് സ്വകാര്യ ആശുപത്രിയില്‍ നിന്നാണോ രോഗം ബാധിച്ചതെന്ന് അന്വേഷിക്കുമെന്ന് കണ്ണൂർ ജില്ല മെഡിക്കല്‍ ഓഫീസർ ഡോ.കെ നാരായണ നായ്‌ക് അറിയിച്ചു. മരിച്ചയാളുടെ സമ്പർക്ക് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്ന മെഹ്റൂഫിന് നല്ല രീതിയില്‍ കൊവിഡ് പരിചരണം നല്‍കിയിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്ന പ്രോട്ടോക്കോളും മാർഗ നിർദേശങ്ങളും അനുസരിച്ച് ഇയാളുടെ മൃതദേഹം സംസ്‌കരിക്കുമെന്ന് ഡിഎംഒ പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർമാരും നഴ്‌സുമാരുമടക്കം 30 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു. മെഹറൂഫ് കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെ ഐസിയു മുറിയില്‍ നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയുടെ ഉണ്ടാതായി സംശയമുണ്ട്. ചെറുവാഞ്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച സമയത്ത് തന്നെയാണ് മെഹ്റൂഫിന്‍റെ സ്രവം പരിശോധനയും നടത്തിയത്. അതേസമയം, മരണമടഞ്ഞ മെഹ്റൂഫിന്‍റെ സംസ്കാരം പരിയാരം മെഡിക്കൽ കോളേജിന് സമീപത്തു തന്നെ നടത്താൻ ആലോചനയുണ്ട്. ഇത് സംബന്ധിച്ച വീട്ടുകാരുമായി ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ ചർച്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.