കണ്ണൂര്‍ : മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉയർന്ന ഉദ്യോസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പേരിൽ നിന്ന് പണം തട്ടിയ കണ്ണവം സ്വദേശി വത്സരാജിനെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വത്സരാജിനെതിരെ 25 പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. നേവൽ അക്കാദമിയിലെ അസിസ്റ്റന്റ് പ്രൊഫസറായ പ്രമോദിന്റെ ഭാര്യ ദീപ നൽകിയ പരാതിയിലാണ് വത്സരാജിനെ അറസ്റ്റ് ചെയ്തത്.
ദന്ത ഡോക്ടറായ ദീപയ്ക്ക് ക്ലിനിക്ക് ആരംഭിക്കാൻ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നൽകാമെന്ന് കാണിച്ച് 5000 രൂപയാണ് ഇയാൾ കൈക്കലാക്കിയത്. ചിക്കൻ സ്റ്റാൾ ആരംഭിക്കാൻ കൊറ്റി സ്വദേശിയായ അമീറിൽ നിന്ന് 17,500 രൂപയും ഇയാൾ വാങ്ങിയതായി പൊലീസ് പറഞ്ഞു. വിജിലൻസ് ഓഫീസർ ചമഞ്ഞുള്ള തട്ടിപ്പിന് കൂത്ത്പറമ്പ് പൊലീസ് നേരത്തെ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
ഉമ്ര വിസ തയ്യാറാക്കി തരാമെന്ന് കാണിച്ച് തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതടക്കം ഇരുപത്തിയഞ്ചോളം കേസുകളാണ് വത്സരാജിനെതിരെ ലഭിച്ചിട്ടുള്ളത്. വത്സരാജ് പിടിയിലായത് അറിഞ്ഞതോടെ നിരവധി പേരാണ് പരാതികളുമായി പൊലീസ് സ്റ്റേഷനിലേക്കെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.