കണ്ണൂർ : എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ ക്രൈംബ്രാഞ്ച് സംഘം ജെആര്‍പി നേതാവ് പ്രസീത അഴീക്കോടിന്‍റെ മൊഴി രേഖപ്പെടുത്തുന്നു.
കണ്ണൂർ അഴീക്കോടുള്ള, പ്രസീതയുടെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ആർ. മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കുന്നത്.
സി.കെ. ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ട്രഷററാണ് പ്രസീത. സുരേന്ദ്രൻ പത്ത് ലക്ഷം രൂപ ജാനുവിന് നൽകിയെന്ന് ആരോപിച്ച് സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണം ഇവര്‍ പുറത്ത് വിട്ടിരുന്നു.
Also Read: ആർടിപിസിആർ നിരക്ക് 500 രൂപ തന്നെ ; സർക്കാർ ഉത്തരവ് ശരിവച്ച് ഹൈക്കോടതി
ഈ കേസിലെ പരാതിക്കാരനായ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസിന്‍റെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. നവാസ് കൽപറ്റ കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശ പ്രകാരമാണ് ബത്തേരി പൊലീസ് കെ. സുരേന്ദ്രനും സി.കെ. ജാനുവിനുമെതിരെ കേസെടുത്തത്.
ജെആർപി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ, സംസ്ഥാന കോർഡിനേറ്റർ ബിജു അയ്യപ്പൻ എന്നിവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.