കണ്ണൂര്‍: പുതിയതെരു പനങ്കാവ് സ്വദേശിനി വിദ്യയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് സഹോദരി രംഗത്ത്. മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ശനിയാഴ്ച കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം തൃപ്തികരമല്ലാത്തതിനാല്‍ മൃതദേഹം ഞായറാഴ്ച രാവിലെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്‍ ഡോ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ റീ പോസ്റ്റുമോർട്ടം നടത്തിയിരുന്നു.
ഭർതൃമതിയായ പുതിയതെരു പനങ്കാവ് സ്വദേശിനി വിദ്യയുടെ മരണമാണ് കൊലപാതകമാണെന്ന് സഹോദരി ദിവ്യ ആരോപിക്കുന്നത്. പട്ടേല്‍ റോഡിലുള്ള മനോജിന്‍റെ ഭാര്യയാണ് മരിച്ച വിദ്യ. നവംബര്‍ 27ന് വെള്ളിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് 37 കാരിയായ വിദ്യ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് മൃതദേഹം ഭര്‍തൃ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
എന്നാൽ, മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി വിദ്യയുടെ ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. അതിന്‍റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച പരിയാരം കണ്ണൂർ ഗവ.മെഡി.കോളജിൽ റീ പോസ്റ്റ് മോർട്ടം നടത്തിയത്. വിദ്യ ഫോണില്‍ സഹോദരി ദിവ്യയുമായി സംസാരിച്ചു കൊണ്ടിരിക്കെ ഭര്‍ത്താവ് മനോജ് ശകാരിക്കുന്നതിന്‍റെയും മര്‍ദ്ദിക്കുന്നതിന്‍റെയും ശബ്ദം കേട്ടുവെന്നാണ് സഹോദരി ദിവ്യ പറയുന്നത്.
തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും പറയുന്നു. മരണം കൊലപാതകമാണെന്നും വളപട്ടണം പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും സഹോദരി പറഞ്ഞു. ഒന്നരവർഷം മുമ്പാണ് മനോജിന്‍റെയും വിദ്യയുടെയും വിവാഹം നടന്നത്. വിദ്യ സ്വന്തം വീട്ടിലേക്ക് പോകുന്നത് ഭര്‍തൃവീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നുവെന്നും സഹോദരി പറയുന്നു. മരിക്കുന്നതിന് മുമ്പ് ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങളും പീഡനങ്ങളും വിദ്യ അറിയിച്ചിരുന്നെന്ന് ദിവ്യ പൊലീസിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞ സ്ത്രീ ഏഴു വര്‍ഷത്തിനുള്ളിൽ അസ്വാഭാവികമായി മരണപ്പെട്ടാല്‍ ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്ന് നിയമമുണ്ട്. എന്നാൽ, അത് പാലിക്കാനോ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താനോ വളപട്ടണം പൊലീസ് തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.