കണ്ണൂര്‍: പാനൂര്‍ മേഖലയിലെ ലീഗ് ആക്രമണം ആസൂത്രിതമെന്ന് സിപിഎം ജില്ല സെക്രട്ടറി എം.വി ജയരാജൻ. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജനാധിപത്യവിശ്വാസികൾ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പാനൂർ മേഖലകളിൽ അക്രമിക്കപ്പെട്ട സിപിഎം ഓഫിസുകൾ സന്ദർശിച്ച ശേഷമാണു ജയരാജന്‍റെ പ്രതികരണം. സിപിഎം നേതാക്കളായ പി. ജയരാജൻ, പി. ഹരീന്ദ്രൻ, കെ.പി.മോഹനനൻ എന്നിവരും മേഖലയില്‍ സന്ദര്‍ശനം നടത്തി. ലീഗ് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് ഉണ്ടായത്. സിപിഎം പ്രവർത്തകർ സംയമനം പാലിക്കണമെന്നും സമാധാനം പുനസ്ഥാപിക്കാൻ സമാധാനയോഗത്തിൽ സിപിഎം മുൻകൈ എടുക്കുമെന്നും എം.വി ജയരാജൻ പറഞ്ഞു.
വിലാപയാത്രക്കിടെ മേഖലയിൽ വ്യാപകമായ ആക്രമണമാണ് നടന്നത്. നിരവധി പാർട്ടി ഓഫിസുകളും വീടുകളും തകർക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്‌തു. അക്രമ സംഭവങ്ങളിൽ 100 ലീഗ് പ്രവർത്തകർക്കെതിരെ ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ട്. നിരവധി പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു. അതേ സമയം ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കലക്‌ടറുടെ നേതൃത്വത്തിൽ ജില്ലയില്‍ ഇന്ന് സമാധാന യോഗം ചേരും. രാവിലെ 11 മണിക്കാണ് കലക്‌ടര്‍ മുഴുവൻ രാഷ്‌ട്രീയ കക്ഷികളുടെയും നേതാക്കളെ ക്ഷണിച്ചിരിക്കുന്നത്.