കണ്ണൂര്‍: കേളകം അടക്കത്തോട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍. മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറിയായ ജോബിനെയാണ് ഇന്നലെ കേളകം പൊലീസ് കസ്റ്റഡിയിലെടുത്തത്. നവംബര്‍ 27നാണ് അടക്കാത്തോട്ടില്‍ സ്വദേശിയായ പി സന്തോഷിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സന്തോഷിന്‍റെ ശരീരത്തില്‍ മര്‍ദനമേറ്റത്തിന്‍റെ പാടുകളും മുറിവുകളുമുണ്ടായിരുന്നു. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം പരാതി നല്‍കി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പും സന്തോഷിന് മര്‍ദനമേറ്റിരുന്നു. ജോബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ മര്‍ദിച്ചതെന്ന് സന്തോഷ് ഭാര്യയോട് പറഞ്ഞിരുന്നു.
മര്‍ദനമേറ്റതിനെ തുടര്‍ന്ന് നവംബര്‍ 27ന് രാവിലെ ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് സന്തോഷ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഏറെ വൈകിയിട്ടും തിരിച്ച് വരാതായതോടെ കുടുംബം നടത്തിയ അന്വേഷണത്തിലാണ് സന്തോഷിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.