കണ്ണൂര്‍: ആന്തൂരിൽ സിപിഎം ഏരിയ കമ്മിറ്റിയംഗത്തിന്‍റെ വീടിന് നേരെ നടന്ന അക്രമത്തിൽ പങ്കില്ലെന്ന് ബിജെപി. ആക്രമണം സിപിഎമ്മിന്‍റെ നാടകമാണെന്നും ബിജെപിയുടെ തലയിൽ കെട്ടിവെക്കാനുള്ള തന്ത്രം ജനം തിരിച്ചറിയണമെന്നും ബിജെപി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം സി അശോക് കുമാറിന്‍റെ ഒഴക്രോം കുറ്റിപ്രത്തെ വീടിന് നേരെ അക്രമം ഉണ്ടായത്. വീടിന്‍റെ ജനൽച്ചില്ലുകൾ നാലംഗ സംഘം അടിച്ചു തകർത്തെന്നായിരുന്നു പരാതി. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ പാടെ നിഷേധിച്ച് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി രംഗത്തെത്തി.
ആന്തൂരിൽ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ ചില സംഭവങ്ങൾ ബിജെപിയുടെ തലയിൽ കെട്ടിവച്ച് സമാധാനം തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും സിപിഎമ്മിന്‍റെ നാടകമാണിതെന്നും ബിജെപി ആരോപിച്ചു. ആന്തൂർ മേഖലയിൽ സമാധാനാന്തരീക്ഷം കൊണ്ടുവരാനുള്ള ഏതൊരു ശ്രമത്തിനും ബിജെപി പൂർണ പിന്തുണ നൽകുമെന്ന് മണ്ഡലം കമ്മിറ്റിയംഗം കെ വത്സരാജ് പറഞ്ഞു. സംഭവത്തിൽ തളിപ്പറമ്പ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. സിഐ എൻകെ സത്യനാഥൻ, എസ്ഐ പിസി സഞ്‌ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.