കണ്ണൂര്‍ : ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്നുള്ള 35 പേർ സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികളായതായി ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്. സമ്മേളനത്തില്‍ പങ്കെടുത്ത 729 പ്രതിനിധികളില്‍ 53 പേര്‍ ദളിതരാണ്. നിരീക്ഷകരായി 78 പേരാണ് വിവിധ സംസ്ഥാന ഘടകങ്ങളിൽ നിന്ന് പങ്കെടുത്തത്. ഇവരിൽ 9 പേര്‍ ദളിതരാണ് എന്നും ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിൽ പറയുന്നു.
ഏറ്റവും പ്രായം കൂടിയ പ്രതിനിധിയും പ്രായം കുറഞ്ഞ പ്രതിനിധിയും കേരളത്തില്‍ നിന്നാണ്. 90 കാരനായ മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന പാലോളി മുഹമ്മദ് കുട്ടിയാണ് സമ്മേളനത്തില്‍ പങ്കെടുത്ത ഏറ്റവും മുതിര്‍ന്ന പ്രതിനിധി. സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗവും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനാണ് ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി. 23 ആണ് ആര്യയുടെ പ്രായം.
ALSO READ: K Rail | കെ റെയില്‍ കേരളത്തിന് ആവശ്യമെന്ന് സീതാറാം യെച്ചൂരി
1978 നും 1990 നും ഇടയില്‍ പാര്‍ട്ടി അംഗങ്ങളായവരാണ് പ്രതിനിധികളില്‍ കൂടുതല്‍ പേര്‍. 320 പേര്‍ ഇതില്‍ ഉള്‍പ്പെടും. വിവിധ സംസ്ഥാന കമ്മിറ്റികളില്‍ നിന്നും 393 പേര്‍ പങ്കെടുത്തു. മുസ്ലിം വിഭാഗത്തില്‍ നിന്നും 55 പേരും ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് 38 പേരും പ്രതിനിധികളായിരുന്നുവെന്നും ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മതം സൂചിപ്പിക്കാതെ 66 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇവരിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരായ പി രാജീവ്, കെ എൻ ബാലഗോപാൽ, എന്നിവരും ഉൾപ്പെടും. മന്ത്രിമാരായ വീണ ജോർജ്, സജി ചെറിയാൻ എന്നിവർ ക്രിസ്ത്യൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എംബിബിഎസ് ബിരുദധാരികളും സമ്മേളനത്തിൽ പങ്കെടുത്തു. ബിരുദധാരികളായ 300 പേരാണ് ഉണ്ടായിരുന്നത്. 213 ബിരുദാനന്തര ബിരുദധാരികളും ഉൾപ്പെടും. നിയമ ബിരുദധാരികളാണ് സമ്മേളനത്തിൽ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത്. 137 പേര്‍ തൊഴിലാളി വര്‍ഗത്തില്‍ നിന്നുള്ളവരാണ്. 51 പേര്‍ കര്‍ഷക കുടുംബങ്ങളില്‍ നിന്നും 113 പേര്‍ ദരിദ്ര കര്‍ഷക കുടുംബത്തില്‍ നിന്നുമാണ് സമ്മേളനത്തിൽ പങ്കെടുത്തതെന്നാണ് ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിൽ പറയുന്നത്.