കണ്ണൂര്‍: ആറളം കീഴ്പ്പള്ളിയിൽ കടുത്ത പനിയെ തുടർന്ന് മരിച്ച പെൺകുട്ടിക്ക് കൊവിഡ് 19 ഇല്ലെന്ന് തെളിഞ്ഞു. കൊവിഡ് രോഗ ലക്ഷണത്തോടെ മരിച്ച കുട്ടിയുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു. ഇതോടെ കുട്ടിയുടെ മൃതദേഹം സംസ്‌കാരത്തിനായി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ചൊവ്വാഴ്‌ച രാത്രിയാണ് കീഴ്‌പ്പള്ളി സ്വദേശി രഞ്ജിത്തിന്‍റെ മകൾ അഞ്ജന എന്ന അഞ്ചു വയസുകാരി കടുത്ത പനിയെ തുടർന്ന് മരിച്ചത്.
കുട്ടി കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നതിനാല്‍ അധികൃതർ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാതെ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. മുൻകരുതലിന്‍റെ ഭാഗമായാണ് കുട്ടിയുടെ സ്രവം അധികൃതർ പരിശോധനക്കയച്ചത്. ഫലം നെഗറ്റീവായതോടെ മൃതദേഹം വിട്ടുകൊടുത്തെങ്കിലും കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാതെ അവശ്യ മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം സംസ്‌കാരം നടത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു.