കണ്ണൂർ: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും കൊവിഡ് സമ്പർക്ക രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ സിവിൽ ഡിഫൻസ് ടീമിന്‍റെ നേതൃത്വത്തിൽ ആന്‍റിജൻ പരിശോധന വ്യാപിപ്പിക്കുന്നു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിലാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ കൊവിഡ് പോസിറ്റീവ് കണ്ടെത്തിയാൽ വിവരങ്ങൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ അറിയിക്കും.
തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് 1.30 വരെയാണ് ആന്‍റിജൻ പരിശോധന നടത്തുന്നത്. സർക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും ഉത്തരവ് പ്രകാരം എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിശോധന. തളിപ്പറമ്പ് ഫയർ ഫോഴ്‌സിന്‍റെ കീഴിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങൾക്കാണ് ഇതിന്‍റെ പൂർണ ചുമതല. ആന്‍റിജൻ പരിശോധനക്ക് വിധേയമാക്കേണ്ടവരുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരാണ് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് കൈമാറേണ്ടത്. കൊവിഡ് കാലത്തും എല്ലാവിധ പ്രവർത്തനങ്ങൾക്കും പൂർണതോതിൽ മുൻകൈ എടുത്ത് പ്രവർത്തിക്കുകയാണ് തളിപ്പറമ്പിലെ സിവിൽ ഡിഫൻസ് സേന.
വെള്ളിയാഴ്ച്ച 76 പേരുടെ ആന്‍റിജൻ പരിശോധന നടത്തിയതിൽ മൂന്ന് പേരുടെ പരിശോധന ഫലം പോസിറ്റീവായി. കൂടാതെ കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിൽ 26 പോസിറ്റീവ് കേസുകൾ കണ്ടെത്തിയിരുന്നു. സമ്പർക്ക വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ രോഗ വ്യാപനം തടയുന്നതിനായി എല്ലാവിധ സന്നദ്ധ പ്രവർത്തനങ്ങൾക്കും മുൻകൈയ്യെടുക്കുകയാണിവർ.