കണ്ണൂര്‍: കൊവിഡ് വ്യാപനം തടയാൻ കർശന നിർദേശങ്ങളുമായി മാഹി പൊലീസ്. ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെയാണ് പൊലീസ് ഉദ്യോഗസ്ഥർ രാവും പകലും ബോധവത്കരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതോടെ മാഹി വിറങ്ങലിച്ചിരുന്നു.
എന്നാൽ ആരോഗ്യ വകുപ്പിന്‍റെയും പൊലീസിന്‍റെയും ഇടപെടൽ സമൂഹ വ്യാപനം ഉൾപ്പെടെ തടയാൻ സാധിച്ചു. നിലവിൽ മാഹിയിൽ നാല് കൊവിഡ് രോഗികളാണ് ഉള്ളത്. മാഹി ആശുപത്രിയിൽ മൂന്ന് പേരും ഒരാൾ കേരളത്തിലെ ആശുപത്രിയിലും ചികിത്സയിലാണ്. മാഹിയിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ പിതാവിന് രോഗബാധയുണ്ടായതോടെ പൊലീസ് ക്വാര്‍ട്ടേഴ്സ് അടച്ചിടുകയും സഹപ്രവർത്തകർ ഉൾപ്പെടെ നിരീഷണത്തിൽ പോവുകയും ചെയ്തു.
എന്നാൽ എല്ലാവരുടേയും പരിശോധന ഫലം നെഗറ്റീവ് ആയത് മാഹിക്ക് ആശ്വസിക്കാം. ഇപ്പോൾ 800 പേർ നിരീക്ഷണത്തിലുണ്ട്. മാസ്ക് ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തതിനും 1200ഓളം കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിർത്തികളിൽ കർശന പരിശോധനകൾ നടത്തിയ ശേഷമേ വാഹനങ്ങൾ മാഹിയിലേക്ക് കടത്തിവിടുന്നുള്ളൂ. മാഹി പൊലീസ് സൂപ്രണ്ട് യു രാജശേഖരൻ, സി.ഐമാരായ എഴിമലെ, പി.എം മനോജ്, എസ്.ഐ.എം സെന്തിൽകുമാർ എന്നിവർ പൊലീസ് നടപടികൾക്ക് നേതൃത്വം നല്‍കി വരുന്നു.