കണ്ണൂര്‍ : ഇരിട്ടി പേരാവൂർ കൃപാഭവൻ അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് കൊവിഡ് ബാധ. ഒരാഴ്‌ചക്കിടെ അഞ്ച് പേർ മരിക്കുകയും, തൊണ്ണൂറ് പേർക്ക് രോഗം ബാധിക്കുകയും ചെയ്‌തു. അഗതി മന്ദിരത്തിൽ രോഗബാധിതരുടെ എണ്ണം കൂടിയതോടെ മരുന്നിനും ഭക്ഷണത്തിനുമുള്ള സഹായവും നിലച്ചിരിക്കുകയാണ്.
രോഗബാധിതരെ സ്ഥാപനത്തിലെ പ്രത്യേക ബ്ലോക്കുകളിൽ പാർപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണ്. നേരത്തെ അസുഖബാധിതരായിരുന്നവരിൽ പലർക്കും കൊവിഡ് കൂടി പിടിപെട്ടതോടെ മരണ നിരക്ക് ഉയരുമോയെന്ന ആശങ്കയുമുണ്ട്.
Also Read: ഡ്രൈവ് ത്രൂ വാക്‌സിനേഷന് തിരുവനന്തപുരത്ത് തുടക്കം ; കേന്ദ്രം 24 മണിക്കൂറും
224 പേരാണ് ഇവിടെയുള്ളത്. പ്രായാധിക്യമുള്ളവരോ രോഗബാധിതരോ ആണ് കൂടുതലും. ഇവരില്‍ പലരും മാനസിക വെല്ലുവിളി നേരിടുന്നവരായതിനാൽ ആശുപത്രികളിലേക്ക് എത്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്.
പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയായിരുന്നു കൃപാഭവന്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാൽ രോഗ വ്യാപനം രൂക്ഷമായതോടെ സഹായങ്ങള്‍ നിലച്ചു. സർക്കാർ സഹായവും കിട്ടുന്നില്ലെന്നാണ് ആരോപണമുണ്ട്.
വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെടുന്നില്ലെന്ന് പരാതിയുണ്ട്. സർക്കാർ സംവിധാനങ്ങളുടെയോ സന്നദ്ധ സേവകരുടെയോ സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാര്‍.