കണ്ണൂര്‍: കൊവിഡ് വരാതെ സൂക്ഷിക്കുകയാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം. ദൈനംദിന ജീവിത്തതില്‍ സാനിറ്റൈസറും മാസ്‌കും ഒഴിച്ചുകൂടാതെയായി. വിറ്റാമിന്‍ ഗുളികകളും പോഷകാഹാരവും ആവശ്യകതയായി. കരുതലോടെയും ജാഗ്രതയോടെയും മുന്നോട്ട് പോകുന്ന ഈ കാലം സാധാരണക്കാരന്‍റെ കുടുംബ ബജറ്റിനെ എങ്ങനെ ബാധിച്ചുവെന്ന് പരിശോധിക്കാം.
എവിടെ പോയാലും സാനിറ്റൈസര്‍ കൈയില്‍ കരുതണം. ഒരു മരുന്നു പോലെ അത് എപ്പോഴും ഉപയോഗിക്കേണ്ട അവസ്ഥയാണ്. ആഴ്‌ചകള്‍ തോറും മാസ്‌കുകള്‍ വാങ്ങണം. കൊവിഡിനെ തുടര്‍ന്ന് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ചെലവും വര്‍ധിച്ചെന്ന് ഫോട്ടോഗ്രാഫറായ രാജു നെല്ലൂളി പറയുന്നു.
കൊവിഡ് കാലം അധികച്ചെലവാണെന്ന അഭിപ്രായമാണ് വീട്ടമ്മയായ സതി കുമാരിക്ക്. സ്ഥിരവരുമാനം ഇല്ലാതായതോടെയാണ് കൊവിഡ് പ്രതിരോധ ചെലവ് ബാധ്യതയാകുന്നത്. ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായ കൊവിഡ് അനുബന്ധ ഉല്‍പന്നങ്ങള്‍ നാട്ടിലെ പൊതുപ്രവര്‍ത്തന സംഘങ്ങളിലൂടെ വിതരണം ചെയ്യണമെന്നാണ് സതി കുമാരിയുടെ ആവശ്യം.
അതേസമയം ദൈനംദിന ചെലവുകള്‍ കുറഞ്ഞതോടെ ഇതൊരു അധികച്ചെലവായി അനുഭവപ്പെട്ടിട്ടില്ലെന്നാണ് പൊതുപ്രവര്‍ത്തകനായ സാദിഖിന്‍റെ അഭിപ്രായം. യാത്രകളും ആഘോഷങ്ങളും കുറഞ്ഞു. ആശുപത്രി ചെലവുകളും കുറഞ്ഞതായി സാദിഖ് പറഞ്ഞു. മാസ്‌കിന്‍റെ ഉപയോഗം ഫലപ്രദമാണെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കുന്ന തുക കുടുംബ ബജറ്റിനെ ബാധിച്ചിട്ടില്ലെന്നുമാണ് സാദിഖ് പറയുന്നത്.
തൊഴില്‍ കുറവായതിനാല്‍ എല്ലാം അധിക ചെലവാണ്. കൊവിഡിനെ ഭയന്ന് സാനിറ്റൈസറും മാസ്‌കും ഹാന്‍ഡ് വാഷുമൊക്കെ വാങ്ങാന്‍ നിര്‍ബന്ധിതരായെന്ന് വീട്ടമ്മയായ വസന്ത പറയുന്നു. അതോടൊപ്പം ചെവലും വര്‍ധിച്ചെന്ന് വസന്ത പറഞ്ഞു.
പുതിയ ശീലങ്ങള്‍ക്കൊപ്പം ഭക്ഷണരീതിക്കും മാറ്റമുണ്ടായെന്ന് കായിക പരിശീലകനായ സന്തോഷ് പറഞ്ഞു. പ്രതിരോധ മാർഗമെന്ന നിലയിൽ വിറ്റാമിൻ ഗുളികകളും ആവശ്യമാണ്. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ ഇത് ബാധിക്കില്ല. എന്നാൽ മധ്യവർഗത്തെ ചെറിയ തോതിലും താഴെക്കിടയിലുള്ളവരെ വലിയ തോതിലും ചെലവ് ബാധിക്കുമെന്നും സന്തോഷ് പറഞ്ഞു.
ഈ കാലഘട്ടത്തില്‍ പോഷക ഗുണമുള്ള ആഹാര സാധനങ്ങള്‍, വിറ്റാമിന്‍ ഗുളികകള്‍, നെല്ലിക്ക, ചെറുനാരങ്ങ എന്നിവയ്ക്കൊക്കെ നല്ല ചെലവുണ്ടായിട്ടുണ്ടെന്ന് കച്ചവടക്കാരനായ അഷ്‌റഫ് ടി. പറയുന്നു. ജനങ്ങള്‍ ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ ബോധവാന്മാരായിട്ടുണ്ടെന്നും ദൈനംദിന ആഹാരക്രമത്തില്‍ പോഷക ഗുണമുള്ള ആഹാരം ഉള്‍പ്പെടുത്താന്‍ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അഷ്‌റഫ് പറഞ്ഞു.