കണ്ണൂർ: കണ്ണൂരിലും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം. സ്വകാര്യ വാഹനങ്ങളും ചുരുക്കം ചില ചരക്കു വാഹനങ്ങളും നിരത്തിലിറങ്ങി. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സത്യവാങ്മൂലം അടക്കമുള്ള യാത്രയുടെ ഉദ്ദേശം വ്യക്തമാക്കുന്ന രേഖകൾ ഉണ്ടെങ്കിൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കുന്നുള്ളു. ജനങ്ങൾ സഹകരിക്കുന്നുണ്ടെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരിച്ചയക്കുമെന്ന് പൊലീസ് അറിയിച്ചു.
ഹോട്ടലുകൾ ഒഴികെ നഗരത്തിലെ കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. അതേസമയം ഗ്രാമ പ്രദേശങ്ങളിലെ അത്യാവശ്യ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ചുരുക്കം ചില കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും മാത്രമാണ് സർവീസ് നടത്തിയത്. യാത്രക്കാർ കുറഞ്ഞതോടെ സ്വകാര്യ ബസുകളിൽ ചിലതു സർവീസ് നിർത്തി. പലസ്ഥലത്തും നിരോധനാജ്ഞയും നില നിൽക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു ദിവസമായി ആയിരത്തിനു മുകളിലാണ് കൊവിഡ് രോഗികൾ. നാളെയും നിയന്ത്രണം ശക്തമാകുമെന്ന് പൊലീസ് അറിയിച്ചു.