കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളജിൽ കൊവിഡ് ബാധിച്ച് മരിച്ച ബ്ലാത്തൂർ സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി പരിശ്രമിച്ചിരുന്നുവെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ്. മരിച്ച എക്സൈസ് ഡ്രൈവർ സുനിൽകുമാറിന്‍റെ ബന്ധുക്കൾ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് ആശുപത്രിയുടെ മറുപടി. പനിയും വയറിളക്കവും ശ്വാസതടസവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പരിയാരത്തേക്ക് കൊണ്ടുവന്ന രോഗിക്ക് പ്രത്യക്ഷത്തിൽ കൊവിഡ് സമ്പർക്കം ഇല്ലായിരുന്നു. വൈറൽ ന്യുമോണിയയുടെ ലക്ഷണങ്ങൾ മൂലം ശ്വാസതടസം അനുഭവപ്പെട്ട രോഗിയെ പ്രോട്ടോക്കോൾ പ്രകാരം ഐസൊലേഷൻ ഐസിയുവിൽ പ്രവേശിപ്പിച്ചു.
ന്യുമോണിയക്കുള്ള ചികിത്സ ഉടൻതന്നെ ആരംഭിച്ചു. ശരീരത്തിലെ ഓക്‌സിജൻ അളവിന്‍റെ വ്യതിയാനം മൂലം വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തു. പിന്നീട് സ്രവപരിശോധനാ ഫലത്തിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഐസിഎംആറും സംസ്ഥാന മെഡിക്കൽ ബോർഡും നിഷ്ക്കർഷിക്കുന്ന എല്ലാ ചികിത്സയും ആരംഭിച്ചു. ശ്വാസകോശത്തിന്‍റെ പ്രവർത്തനം തടസപ്പെട്ടതോടെ പൂർണമായും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. വിവിധ വിഭാഗങ്ങളിലെ ഡോക്‌ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡിന്‍റെ മേൽനോട്ടത്തിലാണ് ചികിത്സ നൽകിയത്. കൊവിഡ് ബാധിച്ച് ഐസിയുവിൽ കിടക്കുന്ന രോഗികളിൽ പലർക്കും അനുഭവപ്പെടാറുള്ള അമിതമായ ആകാംക്ഷയും മാനസിക സമ്മർദവും കാരണം അത്യാവശ്യം ഫോൺ സൗകര്യം അനുവദിച്ചിരുന്നു.
രോഗിയുടെ ചികിത്സയിൽ കൊവിഡ് സമ്പർക്കം ഇല്ലാതിരുന്നിട്ടും കൃത്യസമയത്ത് തന്നെ പരിശോധനയിലൂടെ രോഗനിർണയം നടത്തി തുടർചികിത്സ ഉറപ്പു വരുത്തുകയും ചെയ്‌തിട്ടുണ്ട്. അവസാനഘട്ടം വരെ ജീവൻ രക്ഷിക്കുന്നതിനാണ് ശ്രമിച്ചതെന്നും മറിച്ചുള്ള പ്രചരണം ശരിയല്ലെന്നും ആശുപത്രി അറിയിച്ചു. ഗുരുതരാവസ്ഥയിലും പ്രതീക്ഷ നഷ്‌ടമാകാത്തതുകൊണ്ടാണ് കൊവിഡിന് ഇന്ന് സാധ്യമായ ഹൈഡ്രോക്‌സിക്ലോറോക്വിൻ, ഡെക്‌സാമെത്തസോൺ എന്നീ മരുന്നുകൾ കൂടാതെ വില കൂടിയ ടോസിലിസുമാബ് എന്ന മരുന്നും പ്രത്യേകം വരുത്തി നൽകിയത്. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചികിത്സയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഡി.എം.ഇക്ക് സമർപ്പിച്ചു. ബന്ധുക്കൾ തെറ്റിദ്ധരിക്കാൻ ഇടവന്നതിൽ ഖേദമുണ്ടെന്നും രോഗിയുടെ മരണത്തിൽ അനുശോചനം അറിയിക്കുന്നതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഡി.എം.ഒ തലത്തിൽ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.