കണ്ണൂർ: ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മസ്‌കറ്റ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ മൂന്നിന് എത്തിയ ആന്തൂര്‍ സ്വദേശിയായ 30കാരന്‍ മസ്‌കറ്റില്‍ നിന്നാണ് വന്നത്. മെയ് 25ന് ചെന്നൈയില്‍ നിന്ന് എത്തിയ മുണ്ടേരി സ്വദേശിയായ 19കാരന്‍, ജൂണ്‍ ഒമ്പതിന് മുംബൈയില്‍ നിന്നെത്തിയ ഇരിക്കൂര്‍ സ്വദേശിയായ 72കാരന്‍ എന്നിവരാണ് രോഗബാധിതരായ മറ്റ് രണ്ടുപേര്‍. ഇരിക്കൂർ സ്വദേശിയായ 72കാരൻ ഇന്ന് മരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 281 ആയി. ഇതില്‍ 163 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ ജില്ലയില്‍ 12,200 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ 14 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 93 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 24 പേരും വീടുകളില്‍ 12,010 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 9,967 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 9,405 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 8841 എണ്ണം നെഗറ്റീവാണ്. 562 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.