കണ്ണൂർ: കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് കണ്ണൂർ ഭരണകൂടം പുറത്തിറക്കി. പതിനഞ്ച് പേരുമായാണ് ഇയാൾ പ്രാഥമിക സമ്പർക്കം പുലർത്തിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇതിൽ മൂന്ന് പേർ ആശുപത്രിയിലും 12 പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്. അമ്മ, ഭാര്യ, മകൻ എന്നിവരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. മറ്റ് പന്ത്രണ്ട് പേരിൽ ഏഴ് പേർ ദുബായിൽ സമ്പർക്കം പുലർത്തിയവരാണ്. കണ്ണൂരിൽ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും കനത്ത ജാഗ്രത പാലിച്ചു വരികയാണെന്ന് ജില്ല കലക്ടർ ടി.വി. സുഭാഷ് അറിയിച്ചു. ജില്ലയിൽ ആകെ 23 പേർ ആശുപത്രിയിലും 200 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. രോഗം സ്ഥിരീകരിച്ചയാൾ ഉൾപ്പെടെ 19 പേർ പരിയാരം മെഡിക്കൽ കോളജിലും നാലുപേർ കണ്ണൂർ ജില്ലാ ആശുപത്രിയിലുമാണുള്ളത്. ഇദ്ദേഹവുമായി പ്രാഥമികമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയതായും കലക്ടർ പറഞ്ഞു. ജില്ലയിൽ നിന്ന് അയച്ച 27 പേരുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്. രോഗം പിടിപെട്ടയാളുടെ ആരോഗ്യനില തൃപ്‌തികരമാന്നെന്നും ജില്ല കലക്ടർ പറഞ്ഞു.
റൂട്ട് മാപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച വ്യക്തി മാർച്ച് അഞ്ചാം തിയ്യതി രാത്രി 9.30നാണ് സ്‌പൈസ് ജെറ്റിൽ കരിപ്പൂരിൽ ഇറങ്ങിയത്. പതിനൊന്ന് മണിക്ക് എയർപോർട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹവും കൂടെ ഉണ്ടായിരുന്നവരും രാമനാട്ടുകരയ്ക്കടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. 11.45ന് അവിടെ നിന്ന് തിരിച്ച് നാല് മണിയോടെ കണ്ണൂരിലെ വീട്ടിലെത്തി. അടുത്ത ദിവസം ആശുപത്രിയിൽ എത്തിയ ഇയാളെ പരിയാരത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. മാർച്ച് ഏഴിന് ആശുപത്രിയിൽ നിന്ന് ഹോം ഐസൊലേഷനിലേക്ക് മാറിയ ഇയാളെ വ്യാഴാഴ്‌ചയാണ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റിയത്.