കണ്ണൂർ: വടകര ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സിഒടി നസിറിനെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ റിമാന്‍റിലായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി തിരൂർ പുല്യോട്ടെ എൻ കെ രാകേഷിന് ജാമ്യം അനുവദിച്ചു. തലശ്ശേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. നസീർ സംഭവത്തിൽ സിപിഐഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയും എ എൻ ഷംസീർ എംഎൽഎയുടെ മുൻ ഡ്രൈവറുമായ എൻ കെ രാകേഷിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരുന്നത്. രാകേഷ് നൽകിയ ജാമ്യ ഹർജി നേരത്തെ ഒരു തവണ കോടതി തള്ളിയിരുന്നു.
ഷംസീർ എംഎൽഎ കാറിൽ വച്ച് കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനടുത്തു വച്ചും പിന്നീട് കിൻഫ്ര പാർക്കിനടുത്തു വച്ചും നസീറിനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയിരുന്നതായി കേസിൽ നേരത്തെ പിടിയിലായ സിപിഎം പ്രവർത്തകൻ പൊട്ടിയൻ സന്തോഷ് മൊഴി നൽകിയിരുന്നു. കഴിഞ്ഞ മെയ് 18ന് രാത്രിയിലാണ് കൊയ്യത്തെ കനക് റസിഡൻസിക്കടുത്ത് വച്ച് സിഒടി നസീർ ആക്രമിക്കപ്പെട്ടത്.