കണ്ണൂർ: സിഒടി നസീര്‍ വധശ്രമ കേസുമായി ബന്ധപ്പെട്ട് തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്‍റെ മൊഴി രേഖപ്പെടുത്തുന്നത് രഹസ്യ കേന്ദ്രത്തിലാക്കാന്‍ പൊലീസ് നീക്കം. ജില്ലക്ക് പുറത്ത് നിന്ന് മൊഴിയെടുക്കാനാണ് നീക്കം നടത്തുന്നത്. മാധ്യമ ശ്രദ്ധ ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഇത്തരം നീക്കം നടത്തുന്നതെന്നാണ് വിവരം. രാത്രി സമയത്ത് മാധ്യമങ്ങളുടെ ശ്രദ്ധ വെട്ടിച്ച് ഗസ്റ്റ് ഹൗസില്‍ വെച്ചോ മറ്റോ എംഎല്‍എയുടെ മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് വിവരം. അടുത്ത ആഴ്ച്ചയാണ് ഷംസീറിന്‍റെ മൊഴി രേഖപ്പെടുത്തുന്നത്. അതിനിടെ കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അക്രമത്തിന് ഇരയായ നസീര്‍ കോടതിയെ സമീപിക്കും. അടുത്തയാഴ്ച തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ച് നസീര്‍ ഹർജി സമര്‍പ്പിക്കും. ഇതിന് വേണ്ട എല്ലാ രേഖകളും കോടതിയില്‍ നിന്നും മറ്റും ശേഖരിച്ചതായി നസീർ പറഞ്ഞു.
ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതിന് പിന്നില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയാണെന്ന് നസീര്‍ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ വി കെ വിശ്വംഭരന് മൊഴി നല്‍കിയിരുന്നു. തലശ്ശേരി മുന്‍ ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറി കതിരൂര്‍ പുല്യോട്ടെ എന്‍കെ രാഗേഷ് ഉള്‍പ്പെടെ കേസില്‍ ഇതുവരെ 10 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മുഴുവന്‍ പ്രതികളും റിമാന്‍ഡിലാണ്. ഒരു മാസത്തിലേറെയായി മൂന്ന് പ്രതികളെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ബാക്കി ആറ് പ്രതികളും കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു. മറ്റൊരു പ്രതിയായ രാഗേഷിനെ പൊലീസ് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്വേഷണത്തിലെ മെല്ലെ പോക്ക് ചൂണ്ടിക്കാട്ടി നല്‍കുന്ന ഹർജി തലശ്ശേരി സെഷന്‍സ് കോടതി തള്ളുകയാണെങ്കില്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയാണ് നസീറിന്റെ ലക്ഷ്യം. അന്വേഷണ ഉദ്യോഗസ്ഥനായ വി കെ വിശ്വംഭരനെ സ്ഥലം മാറ്റി പുതിയ സി ഐയായ സനല്‍കുമാറിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ച് കേസ് അട്ടിമറിക്കുകയാണെന്ന് നസീര്‍ ആരോപിച്ചു. കേസില്‍ താന്‍ പരാതിപ്പെട്ട എ എന്‍ ഷംസീറിനെ ചോദ്യം ചെയത് അറസ്റ്റ് ചെയ്യാത നടപടിയിലും നസീര്‍ തൃപ്തനല്ല.