കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമത നേതാവുമായ സി ഒ ടി നസീറിനെ ആക്രമിക്കുന്നതിന്‍റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നസീറിനെ മെയ് 18ന് രാത്രി തലശ്ശേരി കായ്യത്ത് റോഡിൽ വെച്ച് പ്രതികൾ ആക്രമിക്കുന്നതിന്‍റെ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നസീറിനെ മറ്റൊരു ബൈക്കിൽ എത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. നേരത്തേ കേസില്‍ അറസ്റ്റിലായ മൂന്ന് പേരുടെ പങ്ക് ഇതോടെ വ്യക്തമായി.
ബൈക്ക് ഓടിച്ചത് പ്രതികളിൽ ഒരാളായ അശ്വിനാണ്. മുഖം മൂടി ധരിച്ച് നസീറിനെ വെട്ടി പരിക്കേൽപ്പിക്കുന്നത് സോജിനും വെള്ളമുണ്ട് ധരിച്ച് ഇരുമ്പ് ദണ്ഡുമായി ആക്രമിക്കുന്നത് റോഷനുമാണെന്ന് ദൃശ്യത്തിൽ വ്യക്തമാണ്. കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയ പ്രതികളുമായി പൊലീസ് നടത്തിയ തെളിവെടുപ്പിൽ ആയുധങ്ങൾ കണ്ടെടുത്തിരുന്നു. കേസിലെ മുഖ്യപ്രതികളായ കൊളശേരി സ്വദേശികളായ ജിതേഷ്, ബ്രിട്ടോ, മിഥുൻ എന്നിവർ തലശ്ശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.