കണ്ണൂര്‍: ചെറുപുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കരാറുകാരന്‍ ജോസഫിന് ട്രസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ ബാധ്യതകൾ പാർട്ടി ഏറ്റെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആദ്യ ഗഡു ഉടൻ കൈമാറുമെന്നും കെ. കരുണാകരൻ സ്‌മാരക ട്രസ്റ്റിന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാർട്ടി നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റുകളുടെ പ്രവർത്തനം സംബന്ധിച്ചു അന്വേഷണം നടത്തും. ട്രസ്റ്റിന്‍റെ ക്രമക്കേടുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുന്നതേയുള്ളൂ. ജോസഫിന്‍റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി നിയോഗിച്ച മൂന്നംഗ സമിതി അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജോസഫിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മകന്‍ ഡെന്‍സ് ജോസഫ് കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്ക് കത്തയച്ചിരുന്നു.