കണ്ണൂര്‍: നിര്‍മാണം തുടങ്ങി രണ്ടരവർഷം കഴിഞ്ഞിട്ടും 12 കിലോമീറ്റർ റോഡിന്റെ പണി ഇതുവരെ പൂര്‍ത്തിയായില്ല. കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൈതൽമല, പാലക്കയം തട്ട്, ഏഴരക്കുണ്ട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്താനുള്ള റോഡായ ഒടുവള്ളിതട്ട് കുടിയാന്മല റോഡിനാണ് ഈ ദുർഗതി. 24 കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തിയിരുന്ന ഈ റൂട്ടിൽ റോഡിന്‍റെ ശോച്യാവസ്ഥ മൂലം പകുതി ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
2017 ഒക്ടോബറിൽ പി.കെ.ശ്രീമതി എം.പി.യാണ് റോഡ് നിർമാണം ഉദ്ഘാടനം ചെയ്തത്. 21.3 കോടി രൂപ കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് 12 കിലോമീറ്റർ ടാർചെയ്യാൻ കരാറെടുത്തിരുന്നത്. വേങ്കുന്ന് മുതൽ കുടിയാന്മലവരെയുള്ള വീതികൂട്ടല്‍ തുടങ്ങി നാളുകളായെങ്കിലും ഇതും പൂര്‍ത്തിയായില്ല. തൊഴിലാളികളുടെ എണ്ണക്കുറവും യന്ത്രങ്ങളുടെ അപര്യാപ്തതയുമാണ് റോഡ് പണി ഇഴയാൻ കാരണമെന്നാണ് പ്രധാന ആക്ഷേപം. നിലവില്‍ കൊക്കമുള്ള് മുതൽ കുടിയാന്മലവരെയുള്ള യാത്രക്കാരാണ് റോഡില്ലാതെ വലയുന്നത്. ഇതിന് പുറമേ പ്രദേശത്ത് പൊടിശല്യവും രൂക്ഷമാണ്.