കണ്ണൂർ: കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ആക്രമണം. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരിയുടെ പട്ടുവത്തെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. വീട്ടുപകരണങ്ങൾ അടിച്ച് തകർത്ത അക്രമികൾ വീടിന് തീയിട്ടു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പട്ടുവം ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥിയായി രാജീവൻ കപ്പച്ചേരി മത്സരിച്ചിരുന്നു.
അക്രമികള്‍ വീട്ടിലെ സോഫാ സെറ്റുകൾക്ക് തീയിടുകയും ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു. വീടിന്‍റെ അറ്റകുറ്റപണി നടക്കുന്നതിനാൽ രാജീവനും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ജില്ലയിൽ സിപിഎം അക്രമം തുടരുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഡിസിസി അറിയിച്ചു. ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ചു.