കണ്ണൂര്‍ : പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി (55) അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം ഇക്കഴിഞ്ഞ 19 ന് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഒരാഴ്‌ചയോളമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.
ഉച്ചയോടെ കണ്ണൂർ ചാല മിംസ് ആശുപത്രിയില്‍ നിന്ന് തളിപ്പറമ്പ് പാച്ചേനിയിലെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം വൈകുന്നേരം നാലുമണിക്ക് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസില്‍ പൊതുദർശനത്തിന് വയ്ക്കും. തുടര്‍ന്ന് സഹോദരന്‍ സുരേഷിന്‍റെ അമ്മാനപാറയുള്ള വീട്ടിലും ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. നാളെ (28 ഒക്‌ടോബര്‍) രാവിലെ 7 മണിക്ക് കണ്ണൂർ ഡിസിസി ഓഫിസിൽ പൊതുദർശനത്തിന് വച്ചശേഷം 11:30 ഓടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന പയ്യാമ്പലത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
കറകളഞ്ഞ കോൺഗ്രസ് നേതാവാണ് കണ്ണൂരിനോടും രാഷ്ട്രീയ കേരളത്തോടും വിട പറഞ്ഞത്. എകെ ആന്‍റണിയിൽ ആകൃഷ്‌ടനായാണ് സതീശൻ പാച്ചേനി കെഎസ്‌യുവിൽ എത്തിയത്. പാർട്ടിയാണ് പ്രധാനം എന്ന മുദ്രാവാക്യം കോൺഗ്രസ്സിൽ ഇല്ലാതായപ്പോഴും സതീശൻ പാച്ചേനി പഠിച്ചത് മറന്നില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്‍റെയും നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനിയുടെ ജനനം. പാർട്ടി കോൺഗ്രസിനേക്കാൾ ആ വിദ്യാർഥിയെ കോൺഗ്രസിലേക്ക് ആകർഷിച്ചത് ഗോഹാട്ടി കോൺഗ്രസാണ്. ഇന്ദിരാഗാന്ധിയെ മുഖാമുഖം വിമർശിച്ച എകെ ആന്‍റണി കേരള രാഷ്ട്രീയത്തിൽ അജയ്യനായി വിലസിയ 77-78 കാലത്ത് സതീശൻ സ്വന്തം നേതാവിനെ കണ്ടെത്തി.
പിന്നീട് ആന്‍റണിയുടെ വഴിയേ നടന്ന അദ്ദേഹം ആദർശത്തെ നെഞ്ചോട് ചേർത്തു. പന്തം പതിച്ച നീലക്കൊടി പിടിച്ച അദ്ദേഹം കെഎസ് യുവിന്‍റെ യൂണിറ്റ് പ്രസിഡന്‍റായി തുടങ്ങി. 1999 ൽ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടുമായി. അതിനും മുമ്പേ 1996 ൽ തന്‍റെ ഇരിങ്ങൽ യുപി സ്കൂൾ അധ്യാപകൻ കൂടിയായ എംവി ഗോവിന്ദനെ തളിപ്പറമ്പിൽ നേരിട്ടുവെങ്കിലും പരാജയം അറിഞ്ഞു.
അടുത്ത രണ്ടുവട്ടവും 2001ലും 2006ലും മലമ്പുഴയിൽ വിഎസ് അച്യുതാനന്ദനെതിരെ മത്സരിച്ചു. ആദ്യ വട്ടം പരാജയത്തിൻ്റെ മാർജിൻ 5000 ൽ താഴെയെത്തി. മലയാളിയുടെ മനസായി വിഎസ് 2006 ൽ മത്സരിച്ചപ്പോൾ ഭൂരിപക്ഷം ഇരുപതിനായിരമായി. പാർലമെന്‍റിലേക്കുള്ള പോരാട്ടത്തിലും ഭാഗ്യം സതീശനൊപ്പം നിന്നില്ല.1800 വോട്ടിന് എംബി രാജേഷ് ജയിച്ചു. ആന്‍റണി നിഷ്ക്രിയനായപ്പോഴാണ് സതീശൻ കെ സുധാകരനൊപ്പം നിലകൊണ്ടത്. ഇതിനിടെ കെപിസിസി ജനറൽ സെക്രട്ടറി ആയും അദ്ദേഹം പ്രവർത്തിച്ചു.
ഉറച്ച മണ്ഡലം കോൺഗ്രസ് പാച്ചേനിക്ക് നൽകിയില്ല എന്ന് ഇക്കാലത്തൊക്കെ അണികളിലും സഹപ്രവര്‍ത്തകരിലും അമര്‍ഷമുണ്ടായി. ഇതോടെയാണ് കണ്ണൂര്‍ നിയമസഭാമണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരമൊരുങ്ങിയത്. പക്ഷേ രണ്ടുവട്ടം കടന്നപ്പള്ളിയോട് തോല്‍വി വഴങ്ങി. ഗ്രൂപ്പ് പോരിന്‍റെ ജനിതകരോഗമാണ് ഇവിടെ രണ്ടുവട്ടവും കോൺഗ്രസിനെ വലച്ചത്. അത്തരത്തില്‍ നിർഭാഗ്യത്തിൻ്റെ പിടിയിലായിപ്പോയ രാഷ്ട്രീയക്കാരൻ കൂടിയാണ് പാച്ചേനി.
ഡിസിസി അധ്യക്ഷനെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമായിരുന്നു പാച്ചേനിയുടേത്. ഡിസിസി ഓഫിസ് കെട്ടിടം പണിയാൻ സ്വന്തം വീട് വിറ്റ് സതീശൻ പാച്ചേനി ശ്രദ്ധേയനായി. സമരമുഖങ്ങളിൽ ചോര വീഴ്ത്തരുതെന്ന് മിക്കപ്പോഴും ശാഠ്യം പിടിച്ച നേതാവിനെ കൂടിയാണ് കോൺഗ്രസിന് നഷ്‌ടമാകുന്നത്. കണ്ണൂർ രാഷ്ട്രീയത്തിലെ സൗമ്യമുഖത്തിന് വിട.