കണ്ണൂർ: മോഷണ മുതലെന്നറിയാതെ ഫോണ്‍ വാങ്ങി പൊല്ലാപ്പിലായ മൊബൈല്‍ ഷോപ്പ് ഉടമ പൊലീസിനെതിരെ പരാതിയുമായി രംഗത്ത്. തളിപ്പറമ്പ് പൊലീസിനെതിരെയാണ് മൊബൈല്‍ ഷോപ്പ് ഉടമ എം.ഷമീം മനുഷ്യാവകാശ കമ്മീഷനും റൂറല്‍ പൊലീസ് മേധാവിക്കും പരാതി നൽകിയത്. നിരപരാധിയായിട്ടും കളളനെന്ന് അധിഷേപിച്ച് പൊതുജനമധ്യത്തില്‍ അപമാനിച്ചതായാണ് പരാതി.
മോഷണ മുതലെന്നറിയാതെ പുളിമ്പറമ്പ് സ്വദേശി ഗോകുലിൽ നിന്ന് 48,000 രൂപക്ക് ഷമീം ഐഫോണ്‍ വാങ്ങിയിരുന്നു. മോഷ്‌ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് വാങ്ങിയ ഫോണ്‍ ഗോകുൽ ഷമീമിന്‍റെ കടയിൽ മറിച്ചു വിൽക്കുകയായിരുന്നു. ഏപ്രിൽ മൂന്നിന് പൊലീസ് ഉദ്യോഗസ്ഥർ ഷമീമിന്‍റെ കടയിലെത്തി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും കളവുമുതല്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. തുടർന്ന് ഷമീമിനെ ഷോപ്പില്‍ നിന്നും ബലം പ്രയോഗിച്ച് നാട്ടുകാരുടെ മുന്നിലൂടെ ക്രിമിനല്‍ കുറ്റവാളിയെ പോലെ പൊലീസ് ജീപ്പിൽ കൊണ്ടു പോകുകയായിരുന്നു എന്നാണ് ആരോപണം. കൂടാതെ ഗോകുല്‍ എ.ടി.എം കാര്‍ഡ് മോഷ്ടിച്ചു പണം പിന്‍വലിച്ച കേസിലേക്കും തന്നെ ആവശ്യമില്ലാതെ വലിച്ചിഴക്കുന്നു എന്നാണ് ഷമീം പറയുന്നത്.
Read More:പ്രതിയില്‍ നിന്നും പൊലീസുകാരന്‍ എടിഎം കാര്‍ഡ് തട്ടി പണം കവര്‍ന്ന കേസ് ക്രൈംബ്രാഞ്ചിന്
സെക്കന്‍ഹാന്‍ഡ് ഫോണ്‍ വാങ്ങുമ്പോള്‍ ഒരു മൊബൈല്‍ വ്യാപാരി പാലിക്കേണ്ട മാനദണ്ഡങ്ങള്‍ മുഴുവൻ പാലിച്ചാണ് ഫോണ്‍ വാങ്ങിയത്. ഗോകുലിൻ്റ ആധാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ കോപ്പി വാങ്ങുകയും ഫോണ്‍ ആദ്യം വിൽപന നടത്തിയ സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ വിളിച്ച് അന്വേഷിച്ച് ബോധ്യപ്പെട്ടതിനും ശേഷമാണ് ഗോകുലില്‍ നിന്ന് ഫോണ്‍ വാങ്ങിയതെന്നും ഷമീം പറയുന്നു. സംഭവത്തിൽ തളിപ്പറമ്പ് സിഐ വി.ജയകുമാർ, എസ്.ഐ പുരുഷോത്തമന്‍, സിപിഒ ഇ.എന്‍ ശ്രീകാന്ത് എന്നിവര്‍ക്കെതിരെയാണ് എം.ഷമീം പരാതി നല്‍കിയിരിക്കുന്നത്.