കണ്ണൂര്‍ : പാനൂര്‍ പെരിങ്ങത്തൂരില്‍ വീട്ടിലെ കിണറ്റില്‍ വീണ പുലി ചത്ത സംഭവത്തില്‍ വനം വകുപ്പിനെതിരെ പരാതി. പുലി ചത്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പരാതി നല്‍കി. സംസ്ഥാന വന സംരക്ഷണ കോഡിനേറ്റര്‍ സുശാന്ത് നരിക്കോടനാണ് പരാതി നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിക്ക് പുറമെ വനം വകുപ്പ് മന്ത്രി, കേന്ദ്ര വനം വകുപ്പ് മന്ത്രി എന്നിവര്‍ക്കും പരാതി കൈമാറിയിട്ടുണ്ട് (Leopard Fell Into Well).
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തുടര്‍ നടപടിക്കായി വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് കൈമാറി. പുലിയെ കിണറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ പരിക്കുകളൊന്നും പ്രകടമായി കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കണ്ണവം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ വച്ചാണ് പുലി ചത്തതെന്നും സുശാന്ത് പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഒന്നാം പട്ടികയില്‍ പെടുത്തി ദേശീയ പൈതൃക മൃഗമായി സംരക്ഷിച്ച് പോരുന്ന പുലിയെ രക്ഷപ്പെടുത്തുന്നതിലും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിലും കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ അഖില്‍ നാരായണന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കടുത്ത വീഴ്‌ചയുണ്ടായി. ഈ അനാസ്ഥയാണ് പുലിയുടെ ജീവന്‍ നഷ്‌ടപ്പെടാന്‍ കാരണമായതെന്നും സുശാന്ത് പരാതിയില്‍ ആരോപിക്കുന്നു. മതിയായ ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കണ്ണവം റെയ്ഞ്ച് ഓഫിസര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പരാതിയില്‍ പറയുന്നു (Leopard Trapped In Well In Peringathur).
സാധാരണ കണ്ടു വരുന്ന വന്യ മൃഗങ്ങളായ കാട്ടാട്, മുയല്‍, പന്നി എന്നിവയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന പരിഗണനയും ജാഗ്രതയും പോലും ദേശീയ പൈതൃക മൃഗമായ പുലിയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ അനുശാസിക്കുന്ന നിയമ നടപടികള്‍ കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ (allegation against Kannavam Forest Range Officer) ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൊള്ളണമെന്നും സുശാന്ത് പരാതിയില്‍ ആവശ്യപ്പെട്ടു.
മണിക്കൂറുകളോളം കിണറ്റില്‍ : ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് (നവംബര്‍ 29) പെരിങ്ങത്തൂരിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലി അകപ്പെട്ടത്. കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കണ്ണവം റേഞ്ച് പരിധിയില്‍ പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. രാവിലെ കിണറ്റില്‍ നിന്നും ശബ്‌ദം കേട്ട് വീട്ടുകാരെത്തി നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. തുടര്‍ന്ന് 9 മണിയോടെ കണ്ണവം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്‌തു.
വിവരം അറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത് ഉച്ചയോടെയാണ്. ഏറെ നേരം തുടര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വൈകിട്ട് 4.30 ഓടെയാണ് പുലിയെ പുറത്തെടുത്തത്. 10 മീറ്ററിലധികം ആഴമുള്ള കിണറ്റില്‍ വീണ പുലിയെ 20 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. മയക്ക് വെടിവച്ച് പിടികൂടിയ പുലിയെ പുറത്തെടുക്കുമ്പോള്‍ അവശനിലയിലായിരുന്നു.
വാദം നിരസിച്ച് ആദിവാസികള്‍ : കിണറ്റില്‍ വീണപ്പോള്‍ പുലിക്ക് പരിക്ക് പറ്റിയിരിക്കാമെന്ന വാദമുണ്ടെങ്കിലും ആദിവാസി ഗോത്ര വിഭാഗക്കാര്‍ ഇത് തള്ളുകയാണ്. പുലി പൂച്ച വര്‍ഗത്തില്‍പ്പെട്ട മൃഗമാണ്. പുലി വീഴുമ്പോള്‍ നാലു കാലിലായിരിക്കുമെന്നതിനാല്‍ വീഴ്‌ചയില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത വിരളമാണെന്നാണ് ആദിവാസികള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം വൈകിയതോ അല്ലെങ്കില്‍ രക്ഷാദൗത്യത്തിനിടെ വല മുറുകിയതോ ആകാം മരണകാരണമെന്നാണ് ഇവരുടെ വാദം.
കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി കണ്ണവം ഫോറസ്റ്റ് ഓഫിസില്‍ എത്തിച്ചതിന് ശേഷമാണ് പുലി ചത്തത്. സമാനമായൊരു സംഭവം കഴിഞ്ഞ ഏപ്രിലിലും തിരുവനന്തപുരത്തെ വെള്ളനാട്ട് ഉണ്ടായതായും വന്യജീവി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. അന്ന് കിണറ്റില്‍ വീണ കരടിയെ പുറത്തെത്തിക്കാന്‍ മയക്ക് വെടി വച്ച ശേഷം കരടി വെള്ളത്തില്‍ മുങ്ങി ചാവുകയായിരുന്നു.
Also read: പുലി കിണറ്റിൽ വീണു: രക്ഷിക്കാൻ വനംവകുപ്പ് സംഘം, സംഭവം കണ്ണൂർ അണിയാരത്ത്