കണ്ണൂർ : സിപിഎം പാർട്ടി കോണ്‍ഗ്രസിലേക്ക് കെ.വി തോമസിനെ വിളിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായെന്നും ഇപ്പോഴും അദ്ദേഹം കോണ്‍ഗ്രസ് നേതാവായി തുടരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെ.വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് നേതാവെന്ന നിലയിലാണ്. ചിലർ അദ്ദേഹത്തിന്‍റെ മൂക്ക് ചെത്തിക്കളയും എന്ന് പറയുന്നു. ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല. നാളെയും ഒന്നും സംഭവിക്കില്ല - മുഖ്യമന്ത്രി പറഞ്ഞു.
കെ.വി തോമസ് പങ്കെടുക്കുന്നതിന് മാധ്യമങ്ങൾ വലിയ പ്രചരണം നൽകി. പല കോൺഗ്രസ് നേതാക്കളും വിസമ്മതിച്ചപ്പോൾ കെ.വി തോമസ് സെമിനാറിൽ പങ്കെടുക്കാൻ ധീരത കാണിച്ചെന്ന് മുഖ്യമന്ത്രി അഭിനന്ദിച്ചു. കണ്ണൂരിൽ സിപിഎം 23-ാം പാർട്ടി കോൺഗ്രസ് സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഹിന്ദി ഭാഷയെ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം കേന്ദ്രം നേരത്തെ മുന്നോട്ടുവച്ചിരുന്നു. എന്നാൽ അന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. നീണ്ട കാലത്തെ പോരാട്ടം കൊണ്ടാണ് ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടതെന്നും പിണറായി ഓര്‍മിപ്പിച്ചു.