കണ്ണൂർ: പഴയങ്ങാടിയിൽ നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബസിന് മുന്നിലേക്ക് ചാടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതെന്നും ഡിവൈഎഫ്ഐയുടേത് മാതൃക പരമായ പ്രവർത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവൻ അപകടപെടുത്താനെന്ന തരത്തിൽ രണ്ടു പേർ ചാടി വരുമ്പോൾ അവരെ ഡിവൈഎഫ്ഐ പ്രവർത്തകർ ബലം പ്രയോഗിച്ചു മാറ്റുകയായിരുന്നു. അത് ആക്രമണം അല്ല. ബസിന്‍റെ മുൻനിരയിലിരുന്ന് ഞാനത് നേരിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം ആണത്.
'ഒരു തീവണ്ടിയുടെ മുന്നിലേക്ക് ഒരാൾ വീഴുമ്പോൾ അയാളെ രക്ഷിക്കാൻ എടുത്തെറിയേണ്ടി വന്നേക്കും. അതിൽ പരിക്ക് പറ്റുമോ എന്ന് നോക്കിയിട്ട് കാര്യമില്ല. അത് ജീവൻ രക്ഷാമാർഗമാണ്. ആ രീതിയാണ് ഡിവൈഎഫ്ഐക്കാർ ഉപയോഗിച്ചത്'. ആ രീതി ഡിവൈഎഫ്ഐ തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ചിരിച്ചു കൊണ്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്: നവകേരള സദസ് യാത്രയ്‌ക്കിടെ
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. 14 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ തലക്കടിച്ചുവെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ ആക്രമണം ആസൂത്രിതമാണെന്ന് കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് ചൂണ്ടിക്കാട്ടി.
വയർലസ് സെറ്റ് കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പൊലീസുകാരനെതിരെ നടപടി എടുക്കണമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത്. പ്രവർത്തകർ പ്രതിഷേധക്കാരെ ഹെൽമെറ്റ് ഉപയോഗിച്ച് തലയ്‌ക്ക് അടിക്കുന്നതിന്‍റെയും നിലത്തിട്ട് ചവിട്ടുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
പഴയങ്ങാടി എരിപുരത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവകേരള ബസിനുനേരെ കരിങ്കൊടി കാട്ടിയത്. നവകേരളയുടെ മാടായിയിലെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി കാട്ടിയത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് മഹിത മോഹന്‍റെയും, സുധീഷ് വെളളച്ചാലിൻ്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും അക്രമം തടഞ്ഞവരെ ഉൾപ്പടെ മർദിച്ചെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെത്തി മർദിച്ചത്. തുടർന്ന് കൂടുതൽ പേരെത്തി കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങളടക്കം അടിച്ചു തകർത്തു.