കണ്ണൂര്‍ : കോൺഗ്രസിന് വർഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടില്ലെന്നും ഒരു വിഭാഗം എപ്പോഴും സംഘപരിവാറിനൊപ്പമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (CM Against Congress). ധർമടം മണ്ഡലത്തിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. യുഡിഎഫ് എംപിമാർക്ക് പാർലമെൻ്റിൽ കേരളത്തിൻ്റെ പൊതുവികാരം പ്രകടിപ്പിക്കാനായിട്ടില്ല.
സംഘപരിവാർ മനസിന് നേരിയ മുഷിച്ചിൽ പോലും വേണ്ടെന്നാണ് കോൺഗ്രസ് നയം. കേരളത്തിലെ കോൺഗ്രസ് എംപിമാർ സംഘ പരിവാറുമായി പൊരുത്തപ്പെടുകയാണെന്നും ബിജെപിക്കെതിരെ ഒരു ഘട്ടത്തിലും ഉറച്ച നിലപാടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി (Congress has no firm stand against communalism). ബിജെപിക്ക് കേരളത്തോട് പകയാണ്. കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു. ഇതെല്ലാം കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രിയെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയൻ, വീണ ജോര്‍ജിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണത്തിന് അധികം ആയുസില്ലെന്നും വ്യക്‌തമാക്കി. ഗൂഢാലോചനയുടെ ഭാഗമായി വന്ന വാർത്തയാണിത്. ഇല്ലാത്ത സംഭവം ഉണ്ടെന്ന് വരുത്താനുള്ള നീക്കമാണ്. അതിനെ കയ്യോടെ തന്നെ പിടികൂടുന്ന അവസ്ഥ വന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരിൽ വ്യക്തികൾ ഉണ്ട് മാധ്യമ സ്ഥാപനങ്ങൾ ഉണ്ട്.
തെറ്റില്ലാതെ കാര്യങ്ങൾ നിർവഹിച്ചുപോകുന്ന വകുപ്പാണ് ആരോഗ്യം. രാഷ്ട്രീയ എതിരാളികളെ എങ്ങനെ തേജോവധം ചെയ്യുക എന്നത് പല തലങ്ങളിലായി ആലോചിച്ച് തയ്യാറാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 4 ദിവസങ്ങളിലായി ധർമടം മണ്ഡലത്തിൽ മാത്രം 28 കുടുംബയോഗങ്ങളിൽ ആണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
മേഖലാതല അവലോകന യോഗത്തെക്കുറിച്ച് മുഖ്യമന്ത്രി : പുതിയ ഭരണ സംസ്‌കാരത്തിന്‍റെ തുടക്കമാണ് മേഖലാതല അവലോകന യോഗങ്ങളിലൂടെ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതൊരു തുടക്കം മാത്രമാണെന്നും അവസാനത്തേതല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോഴിക്കോട് മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ ഇടവേളയ്‌ക്ക് ശേഷവും ഈ സംവിധാനം തുടരും. നമ്മുടെ ഇടപെടലുകൾ, നാം നടത്തുന്ന പ്രവർത്തനങ്ങൾ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ഇതെല്ലാം ജനങ്ങളെയാണ് ബാധിക്കുന്നത്. ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് ഭരണ നടപടികൾ നോക്കി കാണുന്നത്. അതുകൊണ്ട് അതിന് വേഗത കൂട്ടുകയും കൂടുതൽ സുതാര്യത ഉറപ്പുവരുത്തുകയും വേണം. ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിൽ വേഗത്തില്‍ തീരുമാനങ്ങളിലേക്ക് എത്താൻ കഴിയുക എന്നതാണ് ലക്ഷ്യം. അത്തരം തീരുമാനങ്ങളിലേക്ക് എത്തുന്നതിന് വെറും മെറിറ്റ് മാത്രമാണ് അടിസ്ഥാനം. മറ്റേതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങളോ സമ്മർദങ്ങളോ, സ്വാധീനങ്ങളോ ഇടയാക്കാതിരിക്കുക. ഇതൊക്കെയാണ് ഭരണ നിർവഹണം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇപ്പോൾ പൊതുവേ നല്ല മാറ്റം കൈവന്നിട്ടുണ്ട്. ഇത് നല്ല തുടക്കമാണ്. ഇത് തുടർന്ന് കൊണ്ടുപോകാൻ കഴിയണം. ജനങ്ങളുടെ സംതൃപ്‌തിയാണ് നാം ആഗ്രഹിക്കുന്നത്. അതിന്‍റെ ഭാഗമായി മറ്റൊന്നും കാംക്ഷിക്കരുത്. മറ്റേതെങ്കിലും തരത്തിലുള്ള ചിന്ത നമ്മെ ഭരിക്കരുത്. എല്ലാം സുതാര്യമായിരിക്കണം. അഴിമതി തീണ്ടാതിരിക്കണം. അത് എല്ലാ തലങ്ങളിലും ഉറപ്പുവരുത്താൻ നമുക്ക് കഴിയേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.