കണ്ണൂര്‍: തളിപ്പറമ്പ് മാർക്കറ്റിൽ പൊലീസും നഗരസഭയും ചേർന്ന് സ്ഥാപിച്ച സി.സി.ടി.വി കാമറയുടെ കേബിളുകൾ മുറിച്ചിട്ട നിലയിൽ. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയപ്പോൾ ജനങ്ങൾ ക്രമാതീതമായി എത്തുന്നത് തടയാനാണ് തളിപ്പറമ്പ് നഗരസഭയും പൊലീസും ചേർന്ന് സി.സി.ടി.വി കാമറകളും ലൗഡ് സ്പീക്കറും സ്ഥാപിച്ചത്.
13 നിരീക്ഷണ കാമറകളാണ് മാർക്കറ്റിൽ ഉടനീളം സ്ഥാപിച്ചിരുന്നത്. കൂടാതെ ഇവയുടെ പ്രവർത്തനം നിയന്ത്രിക്കാനായി പൊലീസ് കൺട്രോൾ റൂമും ആരംഭിച്ചിരുന്നു. ഇതിന്‍റെ പ്രവർത്തനം കാര്യക്ഷമമായാണ് നടന്നിരുന്നത്. അതിനിടെ ചൊവ്വാഴ്ചയാണ് ന്യൂസ് കോർണർ ജംഗ്ഷനിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയുടെ കേബിളുകൾ മുറിച്ചിട്ട നിലയിൽ കാണപ്പെട്ടത്.
അനൗൺസ്മെന്‍റിന് ഉപയോഗിക്കുന്ന ലൗഡ്‌സ്‌പീക്കർ കേബിളുകളും മുറിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊലീസിന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകാൻ സാധിച്ചില്ല. അതുകാരണം ചൊവ്വാഴ്ച കൂടുതൽ പേർ നിയന്ത്രണങ്ങളില്ലാതെ മാർക്കറ്റിനകത്ത് എത്തുകയും ചെയ്തു. വാഹനം ഇടിച്ചാണോ കേബിളുകൾ മുറിഞ്ഞത് അതല്ല സാമൂഹ്യവിരുദ്ധർ മുറിച്ചുമാറ്റിയതാണോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.