കണ്ണൂർ: കൊവിഡ് 19ന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവ കമ്മിറ്റിക്കെതിരെയും പങ്കെടുത്തവർക്കെതിരെയും തളിപ്പറമ്പ് പൊലീസ് കേസെടുത്തു. കൊറോണ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഉത്സവം, വിവാഹം, പൊതുപരിപാടികൾ എല്ലാം സർക്കാർ ഒഴിവാക്കിയിരുന്നു. എന്നാൽ 14 ദിവസത്തെ ഉത്സവത്തിന്‍റെ സമാപന ദിവസമായ ഇന്നലെ വൈകുന്നേരം കൂടിപ്പിരിയലിനു നൂറിലധികൾ ആളുകളാണ് പങ്കെടുത്തത്. അഞ്ചിലധികം ആളുകൾ കൂടി ഒരു പരിപാടിയും നടത്തരുതെന്ന ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം ലംഘിച്ചതിനാണ് കേസ്.
അതേ സമയം തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങൾക്ക് പ്രവേശനമില്ലെന്ന് ടിടികെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൊറോണ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേരള സർക്കാർ നിർദേശപ്രകാരം മാർച്ച് 22ന് ഞായറാഴ്ച മുതൽ ഭക്തജനങ്ങൾക്ക് ദർശനം, വഴിപാട് എന്നിവക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നാൽ ദൈനംദിനപൂജകളും ചടങ്ങുകളും ഉണ്ടായിരിക്കും.