കണ്ണൂർ: തളിപ്പറമ്പിൽ കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. കുടിയാൻമലയിൽ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ എം.വി.വിൽസണി(52) നെയാണ് മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം മർദിച്ചത്. സംസ്ഥാന പാതയിൽ മന്ന മദ്രസക്ക് സമീപത്തായിരുന്നു സംഭവം.
മന്ന ജങ്ഷനില്‍ വച്ച് കാറിൽ ബസ് ഉരസി എന്നാരോപിച്ചാണ് ഡ്രൈവർക്ക് നേരെ അക്രമം നടത്തിയത്. സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ബസിന് മുന്നിലെെത്തി അക്രമസംഘം അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൂട്ടത്തിലൊരാൾ ഡ്രൈവറുടെ മുഖത്തടിക്കുകയും ചെയ്‌തു. ബസിൽ നിന്ന് വിൽസണിനെ പുറത്തേക്ക് വലിച്ചിട്ട് റോഡിലിട്ടും മർദിച്ചു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ച് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മർദിച്ചവരുടെ ഫോട്ടോ മൊബൈലിൽ പകർത്തിയത് വിൽസൺ പൊലീസിന് കൈമാറിയിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും വധശ്രമത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മർദനം കാരണം മുടങ്ങിയ ട്രിപ്പിന്റെ കളക്ഷൻ ചാർജും പ്രതിയിൽ നിന്ന് ഈടാക്കണമെന്ന് വിൽസൺ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മർദിച്ച യുവാവിനെ പിടികൂടാൻ ഊർജിതമായ അന്വേഷണം ആരംഭിച്ചതായി എസ്ഐ കെ.പി.ഷൈൻ അറിയിച്ചു.