കണ്ണൂർ : കേരള രാഷ്ട്രീയത്തിലെ അതികായൻ ഉമ്മൻ ചാണ്ടി വിടപറയുമ്പോൾ, കണ്ണൂരിന്‍റെ ഓര്‍മകളില്‍ അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുമ്പോൾ നേരിട്ട കയ്‌പ്പേറിയ അനുഭവവുമുണ്ട്. സോളാർ സമരകാലത്ത് ഒരു രാഷ്ട്രീയ നേതാവിനോടും ചെയ്യാൻ പാടില്ലാത്തത്താണ് അന്നത്തെ പ്രതിപക്ഷം ഉമ്മൻ ചാണ്ടിയോട് ചെയ്‌തതെന്നാണ് കണ്ണൂരിലെ ഒരുവിഭാഗം സിപിഎം പ്രവർത്തകർ പറയുന്നത്.
2013 ഒക്ടോബർ 27 ഞായറാഴ്‌ച. സോളാർ സമരം ആളിക്കത്തുന്ന സാഹചര്യം. അന്ന് വൈകിട്ട് സിപിഎം കോട്ടയായ കണ്ണൂരിൽ നടന്ന കേരള പൊലീസ് അത്‌ലറ്റിക് മീറ്റിന്‍റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടി. അദ്ദേഹം എത്തുമെന്ന് അറിഞ്ഞതോടെ എൽഡിഎഫ് പ്രതിഷേധം അതിരുകടന്നു.
വൈകിട്ട് അഞ്ചരയോടെ റോഡ് ട്രാൻസ്‌പോർട്ട് ഓഫിസിന് മുന്നിൽ ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് ഒരു സംഘം സിപിഎം പ്രവർത്തകർ ഇരച്ചെത്തി. അവര്‍ ഉമ്മൻ ചാണ്ടിയുടെ കാവൽ സേനയെ തടഞ്ഞതോടെ പ്രശ്നം വഷളായി. പൊലീസ് സംഘങ്ങളും വിവിധ സുരക്ഷാസ്‌ക്വാഡുകളും അവരെ നേരിടാന്‍ ശ്രമിച്ചു.
ഉമ്മൻ ചാണ്ടിയുടെ വാഹനവ്യൂഹം അതിവേഗം പാഞ്ഞുകയറിയപ്പോൾ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറിൽ ഉമ്മൻ ചാണ്ടിയുടെ ടൊയോട്ട ഇന്നോവ കാറിന്‍റെ വശത്തെ ചില്ലുകൾ തകർന്നു. ചില്ല് കഷണങ്ങൾ നെറ്റിയിൽ തട്ടി പരിക്കുപറ്റി ചോര പൊടിഞ്ഞു. എങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം പൊതുസമ്മേളനത്തിൽ ആരോടും പരിഭവം ഇല്ലാതെ ആദ്ദേഹം പ്രസംഗം തുടർന്നു.
മുൻ എംഎൽഎമാരായ കെ കെ നാരായണൻ, സി കൃഷ്‌ണൻ, ബിജു കണ്ടക്കൈ ഉൾപ്പടെ 120 ഓളം പേർക്കെതിരെ അന്ന് പൊലീസ് കേസെടുത്തു. വിചാരണ തുടർന്നു. ഒടുവിൽ 110 പ്രതികളെ കോടതി വെറുതെ വിടുകയും മൂന്ന് പ്രതികളെ കുറ്റക്കാരായി വിധിക്കുകയും ചെയ്‌തു.
രാഷ്‌ട്രീയക്കാരിലെ വേറിട്ട മുഖം : ഉമ്മൻ ചാണ്ടിയെ ആക്രമിച്ച കേസിൽ 18-ാം പ്രതിയാണ് അന്ന് സിപിഎം ലോക്കൽ കമ്മിറ്റി മെമ്പറായിരുന്ന തലശ്ശേരി സ്വദേശി സി ഒ ടി നസീർ. അക്രമം നടന്ന് മാസങ്ങൾക്ക് ശേഷം ഉമ്മൻ ചാണ്ടിയെ പോയി കണ്ടു. അതോടെ ആരാധന കൂടി. നസീറിന് ഇന്ന് ഉമ്മൻ ചാണ്ടി എന്നാൽ ദൈവ തുല്യനായ മനുഷ്യനാണ്. കണ്ണൂരിൽ ഉമ്മൻ ചാണ്ടിക്ക് നേരെ ഉണ്ടായ അക്രമ സംഭവങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണെന്ന് സി ഒ ടി നസീർ പറയുന്നു.
'കേഡർ പാർട്ടി ആയ സിപിഎം പറഞ്ഞ പ്രകാരം രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായി അന്ന് ലോക്കൽ കമ്മിറ്റി അംഗമായ ഞാൻ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തിരുന്നു. പക്ഷേ ഞാൻ തെറ്റ് ചെയ്‌തിട്ടില്ല. പാർട്ടിയുടെ നിർബന്ധ നിർദ്ദേശ പ്രകാരമാണ് പങ്കെടുത്തത്. എല്ലാ രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്‌തനാണ് ഉമ്മൻ ചാണ്ടി. വേറിട്ട വ്യക്തിത്വമാണ്.
അദ്ദേഹത്തിൽ നിന്ന് എനിക്കുണ്ടായ അനുഭവം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അക്രമ ശേഷം ആദ്ദേഹത്തെ കണ്ടപ്പോൾ കോൺഗ്രസ് പ്രവർത്തകർ മാപ്പ് പറയാൻ പറഞ്ഞു. അയാൾ തെറ്റ് ചെയ്‌തില്ലെങ്കിൽ എന്തിന് മാപ്പ് പറയണം എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ചോദ്യം.
എല്ലാ രാഷ്ട്രീയക്കാരിൽ നിന്നും വേറിട്ട മുഖമാണ് അദ്ദേഹത്തിന്‍റേത്.
വിദ്വേഷമോ വെറുപ്പോ കടന്നുകൂടാതെ ഏതുകാര്യവും ഉൾക്കൊള്ളാൻ കഴിയുന്ന രാഷ്ട്രീയ സ്വഭാവമാണ് ഉമ്മൻ ചാണ്ടിയുടേത്. ബാംഗ്ലൂരിൽ ചികിത്സയിൽ ഉള്ള സമയത്ത് പലപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള അക്രമ കേസിൽ കോടതി വിധിയിൽ കുറ്റക്കാരനാക്കിയ ശേഷവും മുന്നോട്ടുപോകാന്‍ പ്രചോദനമായത് ഉമ്മൻ ചാണ്ടിയുടെ വാക്കുകളാണെന്നും വൈകാരികതയോടെ നസീർ പറയുന്നു.
നമ്മുടെ മനസാക്ഷി കോടതിയിലാണ് വിജയിക്കേണ്ടത് എന്ന ഉമ്മൻ ചാണ്ടിയുടെ വാചകം എന്നും ഓർമിക്കപ്പെടേണ്ടതാണ്. എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കാണുന്ന സമീപനമാണ് അദ്ദേഹത്തിന്‍റേത്. സോളാർ കേസ് വന്നപ്പോഴും അദ്ദേഹം പറഞ്ഞത് എന്‍റെ മനസാക്ഷി കോടതിയിൽ ഞാൻ തെറ്റുകാരനല്ല എന്നാണ്. യഥാർഥത്തിൽ ജീവിതത്തിൽ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമാകുന്ന ഊർജം അതാണ്' - നസീർ അനുസ്‌മരിച്ചു. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനായി നാളെ പുതുപ്പള്ളിയിലേക്ക് പോകാനൊരുങ്ങുകയാണ് സിഒടി നസീർ.