കണ്ണൂർ: കണ്ണൂർ ഹൃദയ മധ്യത്തിൽ ഒരു തട്ടുകട ഉണ്ട്. ചായയും കാപ്പിയും ലഘുഭക്ഷണവും വിൽക്കുന്ന കടയല്ല. ഈ തട്ടുകടയിൽ നിറയെ പുസ്‌തകങ്ങളാണ്. കണ്ണൂർ കോർപ്പറേഷന് മുന്നിൽ നാലു തൂണുകളിൽ ഷീറ്റു കെട്ടിയാണ് ഈ തട്ടുകട ഒരുക്കിയിരിക്കുന്നത്.
പ്രബന്ധങ്ങളും നോവലുകളും, ഗൈഡുകളും ഉൾപ്പടെ വായനക്കാർ തേടുന്ന എല്ലാത്തരം പുസ്‌തകങ്ങളും ഇവിടെ കിട്ടും. 30 വർഷം മുമ്പ് കണ്ണൂർ കുടുക്കി മൊട്ട സ്വദേശി മുസ്‌തഫയാണ് തട്ടുകട പുസ്‌തകശാലയ്ക്ക് തുടക്കമിട്ടത്. അദ്ദേഹത്തിൻ്റെ മരണ ശേഷം കണ്ണൂർ സ്വദേശിയായ സുരേഷനാണ് പുസ്‌തക കട നടത്തുന്നത്.
കോളജ് വിദ്യാർഥികൾക്കായുള്ള സെക്കൻഡ് ഹാൻഡ് പാഠപുസ്‌തകൾ ഇവിടെ ലഭിക്കുമെന്നുള്ളതാണ് ഏറ്റവും വലിയ ആകർഷണം. എങ്കിലും ഓരോ വർഷം പിന്നിടുമ്പോഴും വായനക്കാരും, പുസ്‌തക പ്രിയരും കുറയുന്നു എന്ന വിഷമമാണ് സുരേഷന്. രാവിലെ 9 മണിക്ക് തുറക്കുന്ന കട വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കും.
ചെറു രീതിയിൽ തുടങ്ങിയ കടയിൽ ഇന്ന് ഏകദേശം 50000 പുസ്‌തകങ്ങളുണ്ട്. വായന മരിക്കുന്നുവെന്ന് പറയുമ്പോഴും പുതുതലമുറയ്ക്ക് പുത്തൻ വഴികൾ കാട്ടി തരികയാണ് ഈ പുസ്‌തക കട