കണ്ണൂർ: 2021ൽ നടക്കുന്ന പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിനായി പാർട്ടിയെ സജീവമാക്കാനൊരുങ്ങി ബിജെപി സംസ്ഥാന ഘടകം. ഇതിന്‍റെ ഭാഗമായി മാഹിയിൽ പ്രവർത്തകർക്ക് മെമ്പർഷിപ്പ് വിതരണം തുടങ്ങിയതായി നേതാക്കൾ മാഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പള്ളൂർ ഇരട്ടപ്പിലാക്കൂൽ എവിഎസ് ഹാളിൽ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ബിജെപി പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡന്‍റ് ആർ എംബ്ലം സെൽവം നിർവഹിച്ചു.
മാഹിയിൽ 6000 പേർക്ക് ആഗസ്റ്റ് 11നിടെ മെമ്പർഷിപ്പ് നൽകുമെന്നും പ്രവർത്തനത്തിനായി എട്ടംഗ സമിതി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഒക്ടോബറിൽ പുതിയ മണ്ഡലം കമ്മിറ്റി നിലവിൽ വരുമെന്നും പുതിയ പ്രസിഡന്‍റിനെയും തെരഞ്ഞെടുക്കുമെന്നും നേതൃത്വം വ്യക്തമാക്കി. പുതുച്ചേരിയിൽ ആംആദ്‌മി, കോൺഗ്രസ്, ഡിഎംകെ, എൻ ആർ കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്ന് നേതാക്കളും, പ്രവർത്തകരും ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരുമെന്നും നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്‍റ് ആർ എംബ്ലം സെൽവം, ജനറൽ സെക്രട്ടറി എസ് രവിചന്ദ്രൻ, ആർബി അശോക് ബാബു, രജീഷ് കുട്ടാമ്പള്ളി, കരീക്കുന്നുമ്മൽ സുനിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.