കണ്ണൂര്‍: മട്ടന്നൂര്‍ സ്വദേശി ഭാസ്‌കരനോടും കുടുംബത്തോടും ലോക്ക് ഡൗണ്‍ കാലത്തെ ഇടവേളകളെ കുറിച്ച് ചോദിച്ചാല്‍ അവര്‍ പെരിയച്ചൂരിലെ വീട്ടുമുറ്റത്തെ കിണര്‍ ചൂണ്ടിക്കാണിക്കും. നികുഞ്ജം വീട്ടില്‍ ഭാസ്‌കരനും സഹോദരിയായ ശ്രീജയും മക്കളും കൂടി ചേര്‍ന്ന് ഈ ലോക്ക് ഡൗണ്‍ കാലത്ത് കുഴിച്ചെടുത്തത് തെളിനീര് നിറയുന്ന കിണറാണ്. തങ്ങളുടെ എക്കാലത്തെയും വലിയൊരു ആഗ്രഹം നിറവേറ്റി വിജയം കണ്ടതിന്‍റെ സന്തോഷത്തിലാണ് ഈ കുടുംബം. എല്ലാ വർഷവും വേനൽകാലമായാല്‍ പതിവായിരുന്ന കുടിവെള്ള ക്ഷാമം ഇനി മുതൽ കുടുംബത്തെ ബാധിക്കില്ല.
ലോക്ക് ഡൗണിൽ ലോക്കായി ഇരുന്നപ്പോഴാണ് ശ്രീജയുടെ മകനായ ശ്രീരാഗിന്‍റെ മനസിൽ കിണർ കുഴിക്കാമെന്ന ആശയം ഉടലെടുത്തത്. വീട്ടുകാരെ അറിയിച്ചപ്പോൾ എല്ലാവരും ഈ തീരുമാനത്തെ പിന്തുണച്ചു. പിന്നെ ഒന്നും നോക്കിയില്ല. വീട്ടുമുറ്റത്ത് സ്വന്തമായി സ്ഥാനം നോക്കി, കിണർ കുഴിക്കാൻ ആരംഭിച്ചു. പതിനൊന്ന് ദിവസം നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍, എട്ട് കോലാഴമെത്തിയപ്പോൾ കിണറിൽ തെളിനീര് കണ്ടു. ഭാസ്‌കരന്‍റെ ഉറ്റ സുഹൃത്തായ വിനീഷും കഠിനാധ്വാനത്തിൽ ഇവർക്കൊപ്പം ചേർന്നു. ഇനി കിണറിന്‍റെ ആള്‍മറ കെട്ടാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം.