കണ്ണൂർ: ആ അഞ്ഞൂറില്‍ ഒരാളായി കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദ്ദനനും മെയ് 20ന് തിരുവനന്തപുരത്ത് ഉണ്ടാകും. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ അതിഥിയായി. വാക്‌സിന്‍ ചലഞ്ചിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന ചെയ്‌തതോടെയാണ് ജനാര്‍ദ്ദനൻ വാർത്തകളിൽ ഇടം നേടിയത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ ക്ഷണവും എത്തി. ആകെ 500 പേർക്ക് മാത്രമാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളു.
Also Read:ടീച്ചറെ തിരിച്ചു വിളിക്കണം; പോസ്റ്റുമായി പി.ജെ ആർമി
തനിക്ക് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ അവസരം കിട്ടിയ സന്തോഷവാർത്ത അദ്ദേഹം തന്നെയാണ് പുറത്തു വിട്ടത്. ക്ഷണകത്തും കാര്‍, ഗേറ്റ് പാസുകളുമാണ് ജനാര്‍ദ്ദനന് ലഭിച്ചത്. കണ്ണൂര്‍ ടൗണിലെ ബാങ്ക് ജീവനക്കാരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയ ജനാര്‍ദ്ദനന്‍റെ കഥ പുറംലോകം അറിഞ്ഞത്. 35 വര്‍ഷമായി ദിനേശിലെ ബീഡിത്തൊഴിലാളിയാണ് ജനാര്‍ദ്ദനന്‍. ആകെയുള്ള സമ്പാദ്യവും ഭാര്യയുടെയും തന്‍റെയും ഗ്രാറ്റുവിറ്റിയും അടങ്ങിയ തുകയാണ് അദ്ദേഹം വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കിയത്.