കണ്ണൂർ: പയ്യാമ്പലം, ധർമ്മടം, മുഴുപ്പിലങ്ങാട്, ചാൽ ബീച്, ചൂട്ടാട് എന്നിവയാണ് കണ്ണൂർ ജില്ലയിലെ പ്രധാന കടല്‍ത്തീര വിനോദസഞ്ചാര കേന്ദ്രങ്ങൾ. ഇതിൽ ചുരുങ്ങിയ കാലം കൊണ്ട് വൻ ടൂറിസം സാധ്യത സൃഷ്‌ടിച്ച പ്രദേശമാണ് ചൂട്ടാട്. കണ്ണൂരിലെ പഴയങ്ങാടിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഈ ബീച്ചില്‍ നൂറുകണക്കിന് വിനോദ സഞ്ചരികൾ ആണ് ദിനംപ്രതി എത്തുന്നത്.
സുരക്ഷയില്ലാതെ ചൂട്ടാട് ബീച്ച്: വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന ബീച്ചുകളിൽ ലൈഫ് ഗാർഡുകളില്ലാത്തത് വൻ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രദേശവാസികളും സുരക്ഷ ജീവനക്കാരും പറയുന്നത്. ജില്ലയിലെ മുഴുപ്പിലങ്ങാട്, പയ്യാമ്പലം എന്നിവിടങ്ങളിലാണ് നിലവിൽ ലൈഫ് ഗാർഡുകൾ ഉള്ളത്. പയ്യന്നൂർ ഫയർ ഫോഴ്‌സ് - സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ നേതൃത്വത്തിൽ പാർക്കിൽ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിർദേശം നൽകിയെങ്കിലും ലൈഫ് ഗാർഡുകളുടെ എണ്ണം കൂട്ടിയാൽ മാത്രമേ അപകടം കുറയ്ക്കാൻ കഴിയുകയുള്ളൂ.
തീരത്ത് താൽക്കാലിക വേതന അടിസ്ഥാനത്തിൽ ഒരു ലൈഫ് ഗാർഡിനെ നിയമിച്ചിട്ടുണ്ട്. എന്നാൽ സഞ്ചാരികളുടെ എണ്ണം വർധിക്കുമ്പോൾ ഒരു ലൈഫ് ഗാർഡ് മാത്രം മതിയാകില്ല. കടൽ തീരങ്ങളുടെ ദൈർഘ്യം കൂടി കണക്കിലെടുത്താൽ ലൈഫ് ഗാര്‍ഡുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാണ് ലൈഫ് ഗാർഡ് അസോസിയേഷൻ പറയുന്നത്. പലയിടത്തും 8 പേർ വേണ്ടിടത്ത് 4 പേർ മാത്രമാണ് ള്ളത്. സർക്കാർ ഇക്കാര്യത്തില്‍ അടിയന്തര നടപടി എടുക്കണമെന്നാണ് ലൈഫ് ഗാർഡുമാർ പറയുന്നത്.