കണ്ണൂർ: വയലിൻ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലോടിയെത്തുന്ന പേരുകളിലൊന്നാണ് ബാലഭാസ്കർ. എന്നാൽ ബാലഭാസ്കറിന്റെ വയലിൻ സംഗീതം മലയാളിക്കിനി നേരിട്ട് കേൾക്കാനാവില്ല. എന്നാൽ ബാലഭാസ്കറിന്റെ ശൈലിയും, ചലനങ്ങളും ആവാഹിച്ചെടുത്ത് വയലിനിൽ വിസ്മയം തീർക്കുകയാണ് കൊല്ലം സ്വദേശിയായ ബാല പ്രസാദ്. മലബാറിൽ വിവിധയിടങ്ങളിൽ ഈ 23 കാരൻ തീർക്കുന്ന വയലിൻ സംഗീത വിസ്മയം ഒരു പുതിയ താരോദയത്തിന് തുടക്കമിടുകയാണ്.
പിണറായി പാറപ്രത്തെ പ്രണവം ബ്രദേഴ്‌സിനൊപ്പം ചെണ്ടയുടെ താളത്തിനൊത്ത് ബാല പ്രസാദ് തീർക്കുന്ന വയലിന്റെ മാന്ത്രികസംഗീതം നിരവധി ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു. കൂത്തുപറമ്പിനടുത്ത മൂര്യാട് കാവിൽ ഈ യുവപ്രതിഭ വയലിനിൽ തീർത്ത ഫ്യൂഷൻ സോഷ്യൽ മീഡിയ ആഘോഷമാക്കി.
ഇതോടെ ഈ യുവ പ്രതിഭയുടെ രാശിയും തെളിഞ്ഞു. ഇപ്പോൾ ഗൾഫിലും, മറ്റ് വിദേശ രാജ്യങ്ങളിലും ബാല പ്രസാദിന് പ്രോഗ്രാമുകൾ ഏറെയാണ്. ബാലഭാസ്കറിനെ അനുകരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ശൈലിയിൽ സംഗീത പ്രേമികളിലേക്കെത്താനാവുന്നത് ഈ യുവ പ്രതിഭയ്ക്ക് ഏറെ അഭിമാനം പകരുന്ന കാര്യമാണ്. വയലിനിൽ ഇനിയും മുന്നേറണം. ലോകമറിയുന്ന ഒരു കലാകാരനാവണം ഇതാണ് ഈ 23 കാരന്റെ സ്വപ്നം.